ഡൺഗാർവൻ: കൗണ്ടി വാട്ടർഫോർഡിലെ ക്ലാഷ്മോറിൽ വളർത്തുനായയുടെ ആക്രമണത്തിൽ മൂന്നുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലാണ് കുഞ്ഞിന് ഈ ദുരന്തം സംഭവിച്ചത്. സംഭവശേഷം ഗാർഡയും പാരാമെഡിക്‌സ് ടീമും സ്ഥലത്തെത്തി ശുശ്രൂഷിക്കുകയും പിന്നീട് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് അടിയന്തരമായി കൊണ്ടുപോയെങ്കിലും കുട്ടി വെളുപ്പിന് മൂന്നേകാലോടെ മരിച്ചു. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കുട്ടി ജനിച്ചത്. ചില നായകൾക്ക് ഇത്തരത്തിലുള്ള സ്വഭാവവിശേഷങ്ങൾ ഉടലെടുക്കാറുണ്ടെന്ന് മുൻപ് ഇതുപോലുള്ള ആക്രമണങ്ങളുടെ ബന്ധപ്പെട്ട് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. വീട്ടിലെ യജമാനന്റെ ഓമനയായി കഴിഞ്ഞിരുന്ന നായയ്ക്ക് പെട്ടെന്ന് മറ്റൊരു കുഞ്ഞിലേക്ക് ശ്രദ്ധ പോകുമ്പോൾ ഉണ്ടാകുന്ന ഒരു അസൂയാ വികാരമാകാം ഇത്തരത്തിലുള്ള അക്രമണത്തിലേക്ക് നയിക്കുക എന്ന് പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതായുണ്ട്.
Kerala Globe News