യുക്രയിനിലുള്ളത് 2000 ലേറെ മലയാളി വിദ്യാർത്ഥികൾ: ആശങ്കയോടെ കേരളവും

Share this

യുക്രെയിൻ: ആശങ്കയുടെ മുനമ്പിൽ നിന്നും യുദ്ധത്തിന്റെ നേർകാഴ്ചയിലേക്ക് യുക്രയിൻ മാറുമ്പോൾ ആശങ്കയോടെ മലയാളി സമൂഹവും. 2000 ലേറെ മലയാളി വിദ്യാർത്ഥികളാണ് യുക്രെയിനിൽ ഇപ്പോഴുള്ളത്. യുക്രെയിൻറെ പല ഭാഗങ്ങളിലായി വിവിധ കോളേജുകളിൽ മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള വിവിധ കോഴ്‌സുകൾ പഠിക്കുവാനായി എത്തിയിരിക്കുന്ന വിദ്യാർത്ഥികളാണ് ഇവരിൽ ഭൂരിപക്ഷവും. യുദ്ധസാധ്യത ഉണ്ടായിരുന്നെങ്കിലും വലിയ തുക മുടക്കി പഠനത്തിനായി എത്തിയിരിക്കുന്നതിനാൽ യുദ്ധമുണ്ടാകില്ല എന്ന പ്രതീക്ഷയോടെ യുക്രയിനിൽ തുടരുകയായിരുന്നു ഇവരെല്ലാം. എന്നാൽ ഒരു ദിവസം കൊണ്ട് കാര്യങ്ങളെല്ലാം മാറിമറിയുകയാണ്. യുക്രെയിനിലെ പ്രധാന എയർപോർട്ടുകൾ എല്ലാം ഇന്ന് പൂർണമായും അടച്ചു. കാര്യങ്ങൾ വഷളാവുകയാണെങ്കിൽ നയതന്ത്ര നീക്കത്തിലൂടെ മാത്രമേ ഇനി ഇവരെ നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നതാണ് വസ്തുത. യുക്രെയിനിലുള്ള ഇന്ത്യൻ എംബസ്സി ഈയവസരത്തിൽ  ഉണർന്നുപ്രവർത്തിക്കുകയാണ്. അവശ്യ സാധനങ്ങെളെല്ലാം പായ്ക്ക് ചെയ്തു എപ്പോൾ വേണമെങ്കിലും യാത്രയ്ക്ക് തയ്യാറാകുവാനാണ് എംബസി നിർദ്ദേശം. സാധങ്ങൾക്കെല്ലാം കടുത്ത ക്ഷാമം അനുഭവപ്പെടുവാൻ തുടങ്ങി കഴിഞ്ഞു. ജനങ്ങളെല്ലാം കൂട്ടത്തോടെ കടകളിൽ എത്തി സാധങ്ങൾ വലിയതോതിൽ വാങ്ങുന്നത് സ്റ്റോക്ക് തീരുന്നതിന് കാരണമായിരിക്കുകയാണ്.

സൈനിക മേഖലകളിൽ മാത്രമാണ് ഇപ്പോൾ റഷ്യൻ അക്രമണമെന്നത് ആശ്വാസകരമാണ്. ചില മേഖലകളിൽ യുക്രയിൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ റഷ്യൻ സൈനിക ശക്തിക്ക് മുൻപിൽ യുക്രെയിന് അധികനാൾ പിടിച്ചുനിൽക്കുവാൻ കഴിയില്ല. അമേരിക്കയോ, നേറ്റോ സഖ്യമോ സഹായിച്ചില്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയിൻ റഷ്യയോട് ചേരും.

Kerala Globe News


Share this