അയർലണ്ടിൽ പ്രചാരം വർദ്ധിച്ച് ഗൃഹപ്രസവം ( Home Birth ): സുഖപ്രസവത്തിന് സഹായകമെന്ന് പഠനങ്ങൾ

Share this

അയർലണ്ട്: ആധുനിക വൈദ്യശാസ്ത്രം അത്രകണ്ട് വികസിച്ചിട്ടില്ലാത്ത പതിറ്റാണ്ടുകൾക്ക് മുൻപ് വയറ്റാട്ടി എന്നറിയപ്പെടുന്ന പ്രസവ ശുശ്രൂഷയിൽ വൈദഗ്ത്യം ഉണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു നമ്മുടെയൊക്കെ മുത്തശ്ശിമാരുടെയോ അവരുടെ മുൻ തലമുറയുടെയോ പ്രസവങ്ങൾ കൈകാര്യം ചെയ്തിരുന്നത്; അതും സ്വഭവനങ്ങളിൽ. ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോൾ  ഗൃഹപ്രസവത്തിന് ( വീടുകളിൽ ) അയർലണ്ടിൽ പ്രചാരം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2021-ൽ അയർലണ്ടിൽ ജനിച്ച 58,443 കുട്ടികളിൽ 650-കുട്ടികൾ ഇത്തരത്തിൽ വീടുകളിൽ ഗൃഹപ്രസവം വഴി ജനിച്ചവരാണ്. ഈ 650 കുട്ടികളിൽ ഏറിയപങ്കും കോർക്ക്, കെറി എന്നീ രണ്ടു കണ്ടികളിൽനിന്നാണ്. കോവിഡ് മൂലം ഇപ്പോഴും തുടരുന്ന ചില നിയന്ത്രണങ്ങളും, ആശുപത്രികളിലെ തിരക്കും വനിതകളെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ പ്രേരിപ്പിക്കുന്നു എന്നാണ് കരുതുന്നത്.

ഗ്രഹപ്രസവം ( home birth ) എന്നാൽ വീടുകളിൽ തനിയെ പ്രസവിക്കുക എന്നതല്ല. മറിച്ച് അയർലണ്ടിലെ ആരോഗ്യ വിഭാഗമായ HSE (Health Service Executive) നൽകുന്ന ഒരു സേവന വിഭാഗമാണ് ദേശീയ ഗൃഹപ്രസവ സേവനങ്ങൾ. ഇതിനായി ഒരു പ്രത്യേക വിഭാഗത്തെത്തന്നെ HSE ഒരുക്കിയിട്ടുണ്ട്. എച്ച്എസ്ഇ നൽകുന്ന ഹോം ബെർത്ത് സർവീസ് അമ്മയ്ക്ക് സൗജന്യമാണ്. ഇതിനായി ഗർഭിണിയായ വ്യക്തി ജി.പി ( ജനറൽ പ്രാക്ടീഷ്ണർ ) മുഖേന മുൻ‌കൂർ അപേക്ഷ നൽകണം.   അപേക്ഷാ ഫോം എച്ച്എസ്ഇ അംഗീകരിച്ച തീയതി മുതൽ കുട്ടിക്ക് 14 ദിവസം മാത്രം പ്രായമാകുന്നതുവരെ സേവനം നീണ്ടുനിൽക്കും.

സെൽഫ് എംപ്ലോയ്ഡ് കമ്മ്യൂണിറ്റി മിഡ്‌വൈഫ്‌സ്, ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് എന്നിവരുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഗവൺമെന്റിന്റെ നാഷണൽ മെറ്റേണിറ്റി സ്‌ട്രാറ്റജി (2016) നടപ്പിലാക്കുകയാണ് ഈ പദ്ധതികൊണ്ട് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്ക് ഒരു ചോയ്‌സ് നൽകുകയെന്നതാണ് മുഖ്യ ലക്ഷ്യം. എന്നാൽ ഈയൊരു സേവനം ഹോസ്പിറ്റൽ ദൂരത്തിന്റെ 30 മിനിറ്റ് പരിധിക്കുള്ളിൽ നിജപ്പെടുത്തുവാൻ അനൗദ്യോഗികമായി ശ്രമിച്ചെങ്കിലും എതിർപ്പിനെ തുടന്ന് നടപ്പായില്ല.

ഹോം ബർത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്:

https://www.hse.ie/eng/services/list/3/maternity/homebirth-services.html

Kerala Globe News


Share this