Knock: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നോക്ക് തീർഥാടനകേന്ദ്രത്തിൽ വച്ച് പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ മാസം രണ്ടാം തീയതി നടത്തപ്പെട്ട വി. കുർബ്ബാനയുടെ ഭാഗമായി വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നോക്ക് പള്ളിയിലേയ്ക്ക് സൈക്കിൾ തീർത്ഥാടനം 2023 സെപ്റ്റംബർ 1ന് നടത്തപ്പെട്ടു. ഇത് തുടർച്ചയായി ആറാം വർഷമാണ് വാട്ടർഫോർഡിൽ നിന്നും നോക്കിലേക്ക് സൈക്കിൾ തീർത്ഥയാത്ര സംഘടിപ്പിക്കപ്പെട്ടത്.
സെപ്തംബർ ഒന്ന് ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് പള്ളി അങ്കണത്തിൽ നിന്ന് ഇടവക വികാരിമാരായ ഫാ. ഡോ. ജോബി സ്കറിയയും ഫാദർ ബിബിൻ ബാബുവും ചേർന്ന് പ്രാർത്ഥിച്ച് ഫ്ലാഗ് ഓഫ് ചെയ്ത തീർത്ഥയാത്ര ക്ളോണ്മെൽ, ടിപ്പെറാറി, ലിമേറിക്ക്, ഗാൾവേ എന്നിവിടങ്ങളിൽ കൂടി കടന്ന് വൈകിട്ട് നോക്ക് തീർത്ഥാടനകേന്ദ്രത്തിൽ എത്തിച്ചേർന്നു. ലീമെറിക് സെൻറ് സ്റ്റീഫൻസ്, കോർക്ക് സെന്റ് പീറ്റേഴ്സ്, സെൻറ് ജോർജ് ഗോൾവെ, സെൻറ് ഇഗ്നേഷ്യസ് നൂറോനോ എന്നീ പള്ളികളിൽ നിന്നും വന്ന നിരവധി സൈക്കിൾ തീർത്ഥാടകർ വഴിമധ്യേ ചേർന്ന് ഒരു വലിയ സമൂഹമായാണ് നോക്ക് പള്ളിയങ്കണത്തിൽ പ്രവേശിച്ചത്. അയർലണ്ട് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത, പാത്രിയാർക്കൽ വികാരിയേറ്റ് സെക്രട്ടറി ഫാ. ജെനി ആൻഡ്രൂസ്, യൂത്ത് അസോസിയേഷൻ പ്രസിഡന്റ് ഫാ. ജിനു കുരുവിള എന്നിവർ ചേർന്ന് സൈക്കിൾ തീർഥാടകരെ നോക്ക് പള്ളിയിൽ വച്ച് സ്വീകരിച്ചു.
വാട്ടർഫോർഡ് സമൂഹത്തെ പ്രതിനിധീകരിച്ച് ബിജു പോൾ, റെജി എൻ ഐ, റോമിൻ റോയ്, ജോബി ജേക്കബ്, മാത്യു ജോസ്, ജിജോ, റോയ്സ്, ബേസിൽ ജോർജ് , ബേസിൽ രാജ് എന്നിവർ അടങ്ങുന്ന ടീം ആണ് 280 കിലോമീറ്ററുകളോളം പ്രാർഥനാപൂർവം സൈക്കിളിൽ യാത്ര ചെയ്ത് നോക്ക്പള്ളിയിൽ പരി. ദൈവമാതാവിൻ്റെ സന്നിധിയിൽ എത്തിച്ചേർന്നത്..
വിജയകരമായ സൈക്കിൾ തീർഥയാത്രയെ തുടർന്ന് പിറ്റേ ദിവസം സെപ്റ്റംബർ 2 ന് വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തപെട്ട വിശുദ്ധ കുർബ്ബാനക്ക് അയർലണ്ട് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
Kerala Globe News