വിക്‌ലോ: ചാർട്ടേർഡ് ബോട്ടിൽ കടലിൽ പോയുള്ള മീൻപിടുത്തം അയർലണ്ട് മലയാളികൾക്ക് പുത്തരിയല്ല; എന്നാൽ ചൂണ്ടയിൽ കുരുങ്ങുന്നത് ഒരു വലിയ സ്രാവാണെങ്കിലോ? ആരും ഒന്ന് അതിശയിക്കും. ഇത്തരത്തിൽ വിനോദത്തിനായി ഡബ്ലിനിൽ നിന്നും കടലിൽ മീൻപിടുത്തതിന് പോയ അഞ്ചംഗ മലയാളി സംഘത്തിന്റെ ചൂണ്ടയിൽ കുരുങ്ങിയത് ഒരു വമ്പൻ സ്രാവ്. ഇതില്പരം ഒരു സന്തോഷം വേറെയുണ്ടോ. വിശേഷ ഇനത്തിൽപെട്ട മുപ്പത് കിലോയോളം തൂക്കമുള്ള സ്രാവ് ഈ സീസണിലെ ഏറ്റവും വലിപ്പമേറിയതെന്ന് മലയാളി സംഘത്തിനൊപ്പമുണ്ടായിരുന്ന ഐറിഷുകാരൻ കീത്ത് അഭിപ്രായപ്പെടുകയുണ്ടായി.
അയർലണ്ടിലെ വിക്ക്ലോയിൽ നിന്നാണ് മലയാളികളായ ടോമി, എബിൻ, ജെബി, അഭിലാഷ്, അനീഷ് എന്നീ അഞ്ചംഗ സംഘം കടലിലേയ്ക്ക് തിരിച്ചത്. മണിക്കൂറുകൾ കടലിൽ ബോട്ടിൽ ചിലവഴിച്ച ഇവർക്ക് സ്രാവിനെ കൂടാതെ നിരവധി മറ്റ് മത്സ്യങ്ങളും ലഭിക്കുകയുണ്ടായി. സ്രാവിനെ കയ്യിലേന്തി നിരവധി ചിത്രങ്ങൾ എടുക്കുകയും തുടർന്ന് തിരികെ കടലിലേക്ക് വിടുകയും ചെയ്തു. അയർലണ്ടിലെ ഒരു പ്രധാന ടൂറിസ്ററ് വിനോദങ്ങളിൽ ഒന്നാണ് ചാർട്ടേർഡ് ബോട്ടിൽ കടലിൽ പോയുള്ള മീൻപിടുത്തം.
Kerala Globe News