മലയാളിയായ അഡ്വക്കേറ്റ് തോമസ് ആന്റണിയെ അയർലണ്ടിൽ പീസ് കമ്മീഷണറായി നിയമിച്ചു: ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളി

Share this

അയർലണ്ടിലെ പീസ് കമ്മീഷണറായി അഡ്വക്കേറ്റ് തോമസ് ആന്റണിയെ നിയമിച്ച് ജസ്റ്റീസ് മിനിസ്റ്ററുടെ ഉത്തരവ്. ജസ്റ്റിസ് ആക്റ്റ് 1924 ലെ സെക്ഷൻ 88 പ്രകാരം നീതിന്യായ വകുപ്പ് മന്ത്രി നൽകുന്ന ഓണററി നിയമനമാണ് പീസ് കമ്മീഷണർ. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളിയാണ് അഡ്വക്കേറ്റ് തോമസ് ആന്റണി. ഇതിന് മുൻപ് 2019 ൽ മലയാളിയായ സെൻ ബേബി ഈ സ്ഥാനത്തേയ്ക്ക് നിയമിതനായിരുന്നു. ഗുജറാത്ത് സ്വദേശിയായ ശശാന്ത് ചക്കർവർത്തിയും അയർലണ്ടിൽ ഈ സ്ഥാനത്തേക്ക് നിയമിതനായിരുന്നു. ആജീവനാന്തകാലത്തേക്കാണ് ഈ നിയമനമെങ്കിലും നിയമിതനായ വ്യക്തി എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ പെട്ടാൽ ഈ സ്ഥാനം നഷ്ടമാകും.



 

പീസ് കമ്മീഷണർക്ക് നിയമപരമായ പ്രഖ്യാപനങ്ങൾ നടത്തുന്നതിനും രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനും പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. പീസ് കമ്മീഷണർമാർക്ക് സമൻസും വാറന്റും പുറപ്പെടുവിക്കാനുള്ള അധികാരം 1924 ലെ കോടതി ആക്ട് പ്രകാരം നൽകുന്നു. എന്നാൽ ഭരണഘടനാപരമായ വെല്ലുവിളി ഉയർത്തുന്നതിനാൽ ഇപ്പോൾ ഈ അധികാരങ്ങൾ പ്രയോഗിക്കുന്നില്ല എന്നുതന്നെ പറയാം. സെർച്ച് വാറന്റിനുള്ള അപേക്ഷ പ്രാദേശിക ജില്ലാ കോടതിയിൽ സമർപ്പിച്ച് അനുവാദം വാങ്ങണം. സത്യവാങ്മൂലങ്ങളിൽ ഒപ്പിടുവാനോ സ്ഥിരീകരിക്കുന്നതിനോ പീസ് കമ്മീഷ്ണർക്ക് അധികാരമില്ല.



പീസ് കമ്മീഷണറായി നിയമിക്കുന്നതിന് യോഗ്യതാ പരീക്ഷകളോ വിദ്യാഭ്യാസ മാനദണ്ഡങ്ങളോ ആവശ്യമില്ല, പക്ഷേ നല്ല സ്വഭാവമുള്ള വ്യക്തിയായിരിക്കണം. ഗുരുതരമായ കുറ്റത്തിന് കേസെടുക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത ആരെയും നിയമനത്തിനായി പരിഗണിക്കില്ല. സമാധാന കമ്മീഷണറായി നിയമനം പൂർണ്ണമായും നീതിന്യായ മന്ത്രിയുടെ വിവേചനാധികാരത്തിൽ പെട്ടതാണ്.

ഡബ്ലിനിൽ കുടുംബവുമൊത്ത് താമസിക്കുന്ന അഡ്വക്കേറ്റ് തോമസ് ആന്റണി Tax Associate എന്ന സ്ഥാപനം നടത്തിവരികയാണ്. വേൾഡ് മലയാളി കൗണ്സിലിന്റെ ഗ്ലോബൽ ജനറൽ സെക്രട്ടറി, അയർലൻഡ് പ്രൊവിൻസ്‌ ചെയർമാൻ, പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

Kerala Globe News

 


Share this