റൊമേനിയയിൽ മാമ്മോദീസ്സാ ചടങ്ങിനെ തുടർന്ന് കുഞ്ഞ് മരിച്ചു. വടക്കുകിഴക്കൻ നഗരമായ സുചാവയിൽ ആണ് സംഭവം. റൊമേനിയിയലെ ക്രിസ്ത്യൻ ഓര്‍ത്തഡോക്സ് സഭയുടെ ആചാരപ്രകാരം മാമോദീസ്സായുടെ ഭാഗമായി കുഞ്ഞുങ്ങളെ മൂന്ന് തവണ വെള്ളത്തിൽ മുക്കാറുണ്ട്. ഇത്തരത്തിൽ നടന്ന ചടങ്ങിന് പിന്നാലെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടാവുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണപ്പെടുകയായിരുന്നു. ആറാഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ശ്വാസകോശത്തിനുള്ളിൽ വെള്ളം കണ്ടെത്തിയിരുന്നു. വാവിട്ടുകരയുന്ന കുഞ്ഞിന്റെ കരച്ചിൽ വകവെയ്ക്കാതെയായിരുന്നു മൂന്നാം തവണയും വെള്ളത്തിൽ മുക്കിയതെന്ന് കുട്ടിയുടെ പിതാവ് പ്രാദേശിക പത്രത്തോട് പറഞ്ഞു. മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ദുർബലമായിരുന്നുവെന്നു പ്രാദേശിക ബ്രോഡ്‌കാസ്റ്റർ ആന്റിന 3 റിപ്പോർട്ട് ചെയ്യുന്നു. ചടങ്ങു നടത്തിയ വൈദികനെതിരെ ഇപ്പോൾ പോലീസ് അന്വഷണം നടക്കുകയാണ്.
ഈ സംഭവത്തെ തുടർന്ന് വിശ്വാസികളുടെ വലിയ പ്രതിഷേധം ഉണ്ടാവുകയും അറുപതിനായിരത്തിലേറെ പേർ ഒപ്പിട്ട ഒരു നിവേദനം സമർപ്പിക്കപ്പെടുകയും ചെയ്തു. ആചാരത്തിലുള്ള മാറ്റമാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്. സഭയിലെ ഏറ്റവും മുതിർന്ന അംഗമായ ആർച്ച് ബിഷപ്പ് റവ.കാലിനിക് പരിഷ്കരണത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ക്രിസ്ത്യൻ സഭകളിൽ നൂറ്റാണ്ടുകളായുള്ള പാരമ്പര്യ ആചാര അനുഷ്ഠാനങ്ങൾ മാറ്റമില്ലാതെ പിന്തുടരുന്ന അപൂർവ്വം സഭകളിൽ ഒന്നാണ് റൊമേനിയൻ ഓർത്തോഡോക്സ് സഭ. ആചാരാനുഷ്ഠാനങ്ങളിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും സഭയിൽ പിളർപ്പുണ്ടാകുവാൻ കാരണമാകുമെന്ന് പറയപ്പെടുന്നു. സഭയിലെ നല്ലൊരു വിഭാഗം വൈദികരും പരിഷ്കരണങ്ങൾ കാലങ്ങളായി എതിർത്ത് പോരുന്നവരാണ്.
രാജ്യത്ത് ഇത്തരം സംഭവങ്ങൾ ആദ്യമല്ലെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനസംഖ്യയിൽ 80 ശതമാനവും ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളായ റൊമേനിയായിൽ ഓർത്തഡോക്സ് സഭയ്ക്ക് വൻ സ്വാധീനമാണുള്ളത്.
Kerala Globe News