മലയാളികൾക്ക് കൗതുകമായി അയർലണ്ടിലെ വാഴത്തോപ്പ്: വളർന്നു പന്തലിച്ച് നിൽക്കുന്നത് നല്ല ഉശിരൻ വാഴകൾ

Share this

വാഴയും വാഴപ്പഴവും മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെങ്കിലും പ്രവാസികളായി യൂറോപ്പിലേക്ക് പ്രത്യേകിച്ച് അയർലണ്ടിലേക്കോ യു.കെ യിലേക്കോ എത്തുന്ന മലയാളിക്ക് വാഴപ്പഴം കാണണമെങ്കിൽ  ഏഷ്യൻ ഷോപ്പിലേയോ സൂപ്പർ മാർക്കറ്റിലെയോ ഏതെങ്കിലും കൂടയിൽ നോക്കണം. ഇനി വാഴ കാണണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യാതെ തരമില്ല. കാരണം യൂറോപ്പിൽ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, ഗ്രീസ്, ടർക്കി എന്നീ രാജ്യങ്ങൾ ഒഴിച്ചാൽ മറ്റൊരിടത്തും കാര്യമായി വാഴ കൃഷി ഇല്ല.



അങ്ങനെയിരിക്കെയാണ് അയർലണ്ടിലെ ലീമെറിക്കിൽ സ്ഥിരതാമസക്കാരനായ മലയാളി ഷൈൻ ജോസഫ് അവിടെനിന്നും 21 കിലോ മീറ്റർ അകലെയുള്ള ഗ്ലെൻസ്റ്റാൾ അബ്ബിയിലേക്ക് ഒരു യാത്ര നടത്തിയത്. ബെനെഡിക്ടൻ സന്യാസിമാരുടെ കേന്ദ്രമായ അവിടം മനോഹരമായ ഒരു കോട്ടയും ചുറ്റും വിവിധ സസ്യജാലങ്ങൾകൊണ്ടും സമ്പുഷ്ടമാണ്. അവിടെയെത്തി ചുറ്റുപാടും കാഴ്ചകൾ കണ്ടുനടന്ന ഷൈൻ അത്ഭുതത്തോടെ ആ കാഴ്ച കണ്ടു. ഇടതൂർന്ന് വളർന്നു നിൽക്കുന്ന കുറെ വാഴതൈകളുടെ ഒരു കൂട്ടം. നല്ല ഉയരത്തിൽ പൂർണ ആരോഗ്യത്തോടെ തഴച്ചവളർന്നു നിൽക്കുന്ന വാഴകൾ.



ഷൈന് തൻറെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അയർലൻഡിലെ തണുത്ത കാറ്റും മഴുയുമുള്ള കാലാവസ്ഥയിൽ ഒരു കാറ്റുവീഴ്ചപോലും ഇല്ലാതെ നിൽക്കുന്ന വാഴത്തൈകൾ. ഒറ്റ നോട്ടത്തിൽ നാട്ടിലെവിടെയോ എത്തിയ പ്രതീതി. ഗ്ലെൻസ്റ്റാൾ അബ്ബിയിലെ സന്യാസിമാർ നട്ടുവളർത്തുന്ന വാഴത്തൈകളാണ് അവ. ഇനിയും കുലച്ചിട്ടില്ലാത്ത ആ പ്രദേശത്തിന്റെ സൗന്ദര്യത്തെ തന്നെ മാറ്റിമറിച്ച് നിറഞ്ഞു നിൽക്കുന്ന യൗവ്വനയുക്തകൾ. വാഴത്തൈകൾ മാത്രമല്ല; ഇല്ലിക്കൂട്ടവും പാം മരവുമൊക്കെയുണ്ട് ആ പരിസരത്ത്. ഉയർന്ന പ്രദേശമായ ഇവിടുത്തെ മണ്ണിന്റെയോ കാലാവസ്ഥയുടെയോ സവിശേഷതയാവാം ഇവയുടെയൊക്കെ വളർച്ചക്ക് പിന്നിൽ.



എന്തായാലും ഫോണിൽ കുറച്ച് ഫോട്ടോയൊക്കെയെടുത്താണ് ഷൈൻ ജോസഫ്  അവിടെനിന്നും തിരികെയെത്തിയത്. ഫേസ്ബുക്കിലേക്ക് കുറച്ച് ഫോട്ടോസ് അപ്‌ലോഡ് ചെയ്തപ്പോൾ, നാട്ടിലാണോ… ഓർമകളാണോ എന്നുള്ള ചോദ്യങ്ങളൊക്കെ കമന്റായി എത്തി. ലീമെറിക്കിലെ ചിത്രങ്ങളാണ് എന്ന് പറഞ്ഞെങ്കിലും ഇനിയും വിശ്വസിക്കാത്തവരുമുണ്ടത്രെ. ലോക്ക്ഡൗൺ മൂലം നാട്ടിലേക്കുള്ള യാത്ര നീണ്ടുപോയാൽ ലീമെറിക്കിലെത്തി കുറച്ച് വാഴയെങ്കിലും കണ്ടാശ്വസിക്കാമെന്നാണ് ചില പ്രവാസിസുഹൃത്തുക്കളുടെ അടക്കം പറച്ചിൽ.



ലോകത്തിലെ ഏറ്റവും കൂടുതൽ പഴം ( വാഴപ്പഴം ) ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 30 മില്യൺ ടൺ ആണ് വാർഷിക ഉത്പാദനം. ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ബ്രസീൽ, ഇക്ക്വഡോർ ഇനീ രാജ്യങ്ങളാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ പഴം കയറ്റുമതിയിൽ ഇന്ത്യ ഏറെ പിന്നിലാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കാണ് കയറ്റുമതിയിൽ മേൽക്കോയ്മ. അമേരിക്കയിലും യൂറോപ്പിലും വിപണികളിൽ എത്തുന്ന വാഴപ്പഴങ്ങളിൽ ഏറിയ പങ്കും ലാറ്റിനമേരിക്കയിൽ നിന്നുള്ളവയാണ്.

ഗ്ലെൻസ്റ്റാൾ അബ്ബിയുടെ Website:

https://www.glenstal.com/abbey

Kerala Globe News


Share this