30 യൂറോ വീതം കസ്റ്റമേഴ്സിന് തിരിച്ച് നൽകി കാർ ഇൻഷുറൻസ് കമ്പനികൾ: ഇൻഷുറൻസ് മേഖല ജനങ്ങളോടൊപ്പം.

Share this

എല്ലാ ബിസിനസ്സ് മേഖലകളും കോവിഡ് കാലത്ത് നഷ്ടങ്ങളുടെ കണക്ക് പറയുമ്പോൾ ഇൻഷുറൻസ് മേഖല മാത്രം പ്രശ്നങ്ങളില്ലാതെ പിടിച്ചുനിൽക്കുന്ന കാഴ്ച്ചയാണ് അയർലണ്ടിൽ കാണുവാൻ സാധിക്കുന്നത്; എന്ന് മാത്രവുമല്ല ക്ലെയിമുകളുടെ എണ്ണം കുറയുകയും പ്രീമിയത്തിൽ കാര്യമായ കുറവ് സംഭവിക്കാതിരിക്കുകയും ചെയ്തതോടെ ഇൻഷുറൻസ് കമ്പനികളുടെ ലാഭം വർദ്ധിക്കുകയാണ് ചെയ്തത്. എന്നാൽ കോവിഡ് പിടിമുറുക്കിയതോടെ കമ്പനികളും അവരുടെ ഉപഭോക്താക്കളോട് ഉദാര സമീപനമാണ് കാട്ടിയത്. ബാങ്കുകൾ മോർട്ഗേജ് ഹോളിഡേ പ്രഖ്യാപിച്ചതുപോലെ ഇൻഷുറൻസ് മേഖലയിലും ഉപഭോക്താവിനനുകൂലമായി നിരവധി പ്രഖ്യാപനങ്ങളുണ്ടായി. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ പ്രമുഖരായ ലയ, വി.എച്ച്.ഐ, ഐറിഷ് ലൈഫ് പോലുള്ള കമ്പനികൾ ഏപ്രിൽ മുതൽ ജൂൺ വരെ റീഫണ്ട്, പ്രീമിയം കുറയ്ക്കൽ  പോലുള്ള നടപടികളാണ് ഉപഭാക്താവിനനുകൂലമായി എടുത്തത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഐറിഷ് ലൈഫ് ഹെൽത്ത് കെയർ പ്രീമിയത്തിന്റെ 36 ശതമാനം മുതൽ 60 ശതമാനം വരെ കുറച്ചു. മാത്രവുമല്ല ഈ കാലയളവിൽ പ്രീമിയം മുടങ്ങിയാലും ഉപഭാക്താവിന്‌ കവറേജ് നഷ്ടപ്പെടില്ല. ഇരുപത് ലക്ഷത്തിൽ പരം ആളുകൾക്ക് അയർലണ്ടിൽ ആരോഗ്യ ഇൻഷുറൻസ് ഉള്ളതായാണ് കണക്ക്.




കാർ ഇൻഷുറൻസ് മേഖലയിലാകട്ടെ മിക്ക കമ്പനികളും ഏറെക്കുറെ തുല്യ തുകയായ 30 യൂറോയുടെ റീഫണ്ട് ആണ് ഉപഭാക്താവിന്‌ മടക്കി നൽകുക. ഗവൺമെന്റിന്റെയും ഉപഭാക്താക്കളുടെയും നിരന്തര സമ്മർദ്ദ ഫലമായാണ് കഴിഞ്ഞ ഏപ്രിൽ മെയ് മാസങ്ങളിൽ കമ്പനികൾ ഈ തീരുമാനമെടുത്തത്. ആക്‌സ, ലിബർട്ടി, അലയൻസ്, എഫ്. ബി.ഡി., ആർ.എസ്.എ. തുടങ്ങിയ മിക്ക കമ്പനികളും പലപ്പോഴായി ഇത്തരത്തിലൊരു തീരുമാനത്തിലെത്തി. എന്നാൽ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ അവീവ ഇത്തരത്തിൽ ഒരു സാമ്പത്തിക സഹായത്തിന് മടിക്കുകയും എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ പങ്കാളിയായോ എന്ന് വ്യക്തമല്ല. കോൺമാർക്കറ്റ് ഏജൻറ് നഴ്സസ് സ്‌കീമിൽ നൽകുന്ന ഇൻഷുറൻസ് എല്ലാം തന്നെ അവീവ കമ്പനിയുടേതാണ്.

ഉപഭോക്താക്കളിൽ ചിലർക്ക് ഇതിനകം തന്നെ റീഫണ്ട് ലഭിച്ചു കഴിഞ്ഞു. ഡയറക്റ്റ് ഡെബിറ്റിൽ പണമടച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് കമ്പനികൾ നേരിട്ട് ഈ റീഫണ്ട് ഇടും. അല്ലാത്തവർക്ക് അവരുടെ അഡ്രസ്സിലേക്ക് ചെക്ക് അയക്കും. ഇതിനായി ആരും നേരിട്ട് ബന്ധപ്പെടേണ്ടതില്ലെന്നും റീഫണ്ടിനായി കാത്തിരുക്കുവാനുമാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് AXA കമ്പനി അവരുടെ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നത് താഴെയുള്ള ലിങ്കിൽ നിന്ന് വായിക്കാം.

https://www.axa.ie/covid19/

Kerala Globe News

 


Share this