കോവിഡ് ശക്തിപ്രാപിച്ചതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസ്സ് ആണ് വരുവാൻ പോകുന്നത്. ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമേറിയ ദിവസം. ജനങ്ങളിൽ ബഹുഭൂരിപക്ഷവും കത്തോലിക്കാ വിശ്വാസികൾ ആയ അയർലണ്ടിലും ക്രിസ്തുമസ്സ് എന്നാൽ മതപരമായ ചടങ്ങുകൾക്കുമപ്പുറം സന്തോഷത്തിന്റെയും കൂടിച്ചേരലിന്റെയും അപൂർവ്വ സമയമാണ്. ക്രിസ്തുമസ്സ് തലേന്നും ക്രിസ്തുമസ്സ് ദിനവും ആഘോഷത്തിന്റെ പരകോടിയിൽ എത്തുന്ന ദിവസങ്ങളാണ്. ക്രിസ്തുമസ്സ് തലേന്നുള്ള ( Christmas Eve ) ആഘോഷമായ കുർബാന ഐറിഷ് ജനതയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ മൂലം പള്ളികളിൽ അർപ്പിക്കപ്പെടുന്ന കുർബാനകളിൽ മുൻപുണ്ടായിരുന്നതിന്റെ പകുതി ആളുകൾക്കുപോലും പങ്കെടുക്കുവാൻ കഴിയില്ല.
സാമൂഹ്യ അകലം പാലിക്കേണ്ടതായതിനാൽ ഒന്നിടവിട്ട ഇരിപ്പിടങ്ങൾ മാത്രമേ വിശ്വാസികൾക്ക് അനുവദിക്കൂ. മിക്ക പള്ളികളും മുൻകൂർ രജിസ്‌ട്രേഷൻ സംവിധാനമോ, ടിക്കറ്റിങ് സംവിധാനമോ ആണ് വിശാസികൾക്കായി ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസ്സ് തലേന്ന് വൈകിട്ട് മൂന്നോ അതിലധികമോ കുർബാനകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും മുഴുവൻ ടിക്കറ്റുകളും മിക്കയിടത്തും വിറ്റുതീർന്നതായാണ് അറിയുവാൻ കഴിയുന്നത്. വലിയ പള്ളികളിൽ പോലും ഒരു സമയം നൂറോ അതിൽ താഴെയോ ആളുകളെ മാത്രമേ അനുവദിക്കുക. ക്രിസ്തുമസ്സ് ദിന ( 25th ) കുർബാനകളുടെയും രെജിട്രേഷൻ / ടിക്കറ്റിങ് അതിവേഗമാണ് തീർന്നുകൊണ്ടിരിക്കുന്നത്.
സീറോ മലബാർ സഭയുടെ ഉൾപ്പെടെയുള്ള സഭകളുടെ കുർബാനകളുടെയും കാര്യം വ്യത്യസ്തമല്ല. മിക്കയിടത്തും സീറ്റുകൾ നിറഞ്ഞുകഴിഞ്ഞു. ലഭ്യമായ കണക്കുകൾ പ്രകാരം ക്രിസ്തുമസ്സിനോടനുബന്ധിച്ച് പ്രത്യക്ഷമായ വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാൻ സാധിക്കാതെ നല്ലൊരു വിഭാഗം ആളുകൾ അവശേഷിക്കും എന്നുള്ളത് സഭകൾക്ക് ഒരു പ്രതിസന്ധിയായി മാറും. ഇങ്ങനെ വരുന്നവർക്ക് ഓൺലൈനിലൂടെയുള്ള വിശുദ്ധ കുർബാനയെ തന്നെ ആശ്രയിക്കേണ്ടി വരും. ക്രിസ്തുമസ്സ് കുർബാനയിൽ പങ്കെടുക്കുവാൻ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം അതാത് പള്ളികളുമായി ബന്ധപ്പെട്ട് രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
Kerala Globe News