വാട്ടർഫോർഡ് എയർപോർട്ടിന് വീണ്ടും പുതുജീവൻ: റൺവേ വികസനത്തിനായി അനുമതി തേടി കൗണ്ടി കൗൺസിൽ

Share this

അയർലൻഡ്: 1981 ൽ ആരംഭിച്ച വാട്ടർഫോർഡ് എയർപോർട്ട് പിന്നീട് ആഭ്യന്തര അന്തർദേശീയ സർവീസുകളടക്കം രാജ്യത്തെ ഒരു മികച്ച പ്രാദേശിക എയർപോർട്ട് ആയിരുന്നു. പ്രധാനമായും ചെറിയ പാസഞ്ചർ വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന ഇവിടെനിന്നും വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സർവീസ് ഉണ്ടായിരുന്നു. എന്നാൽ സൗകര്യങ്ങളുടെ പോരായ്മയും വലിയ വിമാനങ്ങളെ ഉൾക്കൊള്ളുവാൻ സാധിക്കാത്ത റൺവേയും യാത്രക്കാരുടെ എണ്ണകുറവും എല്ലാംകൂടിചേർന്നു 2016 ൽ ഉണ്ടായിരുന്ന VLM AIRLINES കൂടി സർവീസ് അവസാനിപ്പിച്ചതോടെ പിന്നീട് വാണിജ്യ യാത്രാവിമാനങ്ങൾ ഒന്നുമില്ലാതെ ചെറിയ സ്വകാര്യ വിമാനങ്ങൾ മാത്രം വന്നിറങ്ങുന്ന ഒരു വിമാനത്താവളമായി വാട്ടർഫോർഡ് എയർപോർട്ട് മാറി.



 

ഗതാഗത, ടൂറിസം, കായിക മന്ത്രിയായിരുന്ന ഷെയിൻ റോസ് 2019 ജൂണിൽ എയർപോർട്ട് വികസനത്തിനായി ഫണ്ടിംഗ് പ്രഖ്യാപിച്ചു. 12 മില്യൺ യൂറോയുടെ  റൺവേ വിപുലീകരണ പദ്ധതിക്കായി 5 മില്യൺ യൂറോ ഗ്രാന്റ് പ്രഖ്യാപിച്ചു. ബാക്കിയുള്ള 5 മില്യൺ യൂറോ സ്വകാര്യ നിക്ഷേപങ്ങളിൽനിന്നും 2 മില്യൺ യൂറോ ലോക്കൽ അതോറിറ്റിയിൽ നിന്നും വകയിരുത്തും. അന്ന് അത് വിവാദമായെങ്കിലും ഈ ഫണ്ട് ഉപയോഗിച്ച് വിമാനത്താവള വികസനത്തിനായുള്ള നിർമാണ അനുമതിയ്ക്കായി കൗണ്ടി ആൻഡ് സിറ്റി കൗൺസിലും വാട്ടർഫോർഡ് റീജിയണൽ എയർപോർട്ട് പി‌എൽ‌സിയുമായി സഹകരിച്ച് An Bord Pleanála യ്ക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.റൺവേ വിപുലീകരിക്കുമ്പോൾ വലിയ വാണിജ്യ പാസഞ്ചർ വിമാനങ്ങളായ ബോയിംഗ് 737, എയർബസ് എ.320 വിമാനങ്ങളെ ഉൾക്കൊള്ളാൻ വാട്ടർഫോർഡ് എയർപോർട്ടിന് കഴിയും. രാജ്യത്തിൻറെ തെക്ക്-കിഴക്ക് പ്രദേശങ്ങളുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുവാൻ വാട്ടർഫോർഡ് എയർപോർട്ടിന്റെ വികസനം അനിവാര്യമാണ്.

Kerala Globe News


Share this