കുമ്പനാട്: മാർത്തോമ്മാ സഭയുടെ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (104) കാലം ചെയ്തു. കുമ്പനാട് ഫെല്ലോഷിപ്പ് ആശുപതിയിൽ വെച്ച് പുലർച്ചെയാണ് ( 1.15 am ) അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇരിവിപേരൂര്‍ കലകമണ്ണില്‍ കെ.ഇ ഉമ്മന്‍ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27 നാണ് ജനനം. രാജ്യത്തെ ഉന്നത ബഹുമതിയായ പത്മഭൂഷൺ ലഭിച്ച ക്രൈസ്തവസഭാ ആചാര്യന്മാരില് ആദ്യത്തെയാൾ കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. മാർത്തോമ്മാ സഭക്കും ക്രിസ്തവ സഭയ്ക്കാകയും തീരാ നഷ്ടമാണ് മാർ ക്രിസോസ്റ്റം പിതാവിൻറെ വിടവാങ്ങൽ. ഏഷ്യയിലെ ഏറ്റവും വലിയ കൺവെൻഷനായ മാരാമൺ കൺവൻഷന്റെ ചരിത്രമെടുത്താൽ 1954 മുതൽ 2018 വരെ അഭിഭാജ്യ ഘടകമായിരുന്നു മാർ ക്രിസോസ്റ്റം തിരുമേനി. നർമ്മംകലർത്തിയ സംഭാഷണങ്ങളാൽ ലോകപ്രശസ്തമായിരുന്നു പിതാവിന്റെ ഓരോ പ്രസംഗങ്ങളും. കേരളത്തിലെ ക്രൈസ്തവ സഭാ ബിഷപ്പുമാരിൽ ഏറെ ആദരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്ത്വം കൂടിയായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു ക്രിസോസ്റ്റം തിരുമേനി. ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം മെത്രാനായിരുന്നതിന്റെ റെക്കോർഡ് മാർ ക്രിസോസ്റ്റത്തിനാണ്. 68 വർഷം മെത്രാനായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
Kerala Globe News