ഇന്ന് രാത്രി മുതൽ ( ഞായർ രാവിലെ ) അയർലൻഡ് സമ്മർ ടൈമിൽ നിന്നും വിന്റർ ടൈമിലേക്ക് മാറുകയാണ്. യൂറോപ്യൻ യൂണിയനിലെ എല്ലാ അംഗ രാജ്യങ്ങളിലും ഇതോടൊപ്പം സമയമാറ്റം ഉണ്ടാകും. ഞായറാഴ്ച്ച പുലർച്ചെ 02.00 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പുറകോട്ട് ആക്കും. അതായത് ഞായർ പുലർച്ചെ രണ്ടു മണി ( 2 am ) എന്നുള്ളത്, ഒരു മണി ( 1 am ) എന്നാക്കി മാറ്റും. ഒരു മണിക്കൂർ അധികമായി ഉറങ്ങാം അല്ലെങ്കിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഒരു മണിക്കൂർ അധികമായി ജോലി ചെയ്യണം. അയർലണ്ടിലെ എല്ലാ പബ്ബുകളും റെസ്റ്റോറെന്റുകളും അടഞ്ഞുകിടക്കുന്നതിനാൽ ഈ സമയമാറ്റം മിക്കവർക്കും ഉറങ്ങി തന്നെ തീർക്കേണ്ടി വരും.
ക്ലോക്കുകൾ ഒരു മണിക്കൂർ പുറകോട്ട് ആകുന്നതോടെ യൂറോപ്പിൽ ജനങ്ങളുടെ തണുപ്പുകാല ( വിന്റർ ) ജീവിതത്തിന് ഔദ്യോഗിക ആരംഭമായി എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഈ സമയ മാറ്റവുമായി പെട്ടെന്ന് പൊരുത്തപ്പെടുവാൻ ജനങ്ങൾക്ക് കഴിയില്ല. പ്രത്യേകിച്ച് പതിവായി ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ആളുകൾക്ക് പുതിയ സമയക്രമവുമായി പൊരുത്തപ്പെടുവാൻ സമയമെടുക്കും. മാത്രവുമല്ല; പല ദിനചര്യകളും പുതിയ സമയക്രമവുമായി ഒത്തുപോകണം.
യൂറോപ്യൻ യൂണിയൻ നിയമപ്രകാരം എല്ലാ അംഗരാജ്യങ്ങളുടെയും ക്ലോക്കുകൾ ഒക്ടോബറിലെ അവസാന ഞായറാഴ്ച ഒരു മണിക്കൂർ പുറകോട്ടാക്കി, മാർച്ച് അവസാന ഞായറാഴ്ച വീണ്ടും ഒരു മണിക്കൂർ മുന്നോട്ടാക്കുന്നു.
2019 മാർച്ച് 26 ന് യൂറോപ്യൻ പാർലമെന്റ് 2021 ൽ ഈ സമയമാറ്റം അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ച് വോട്ടു പാസ്സാക്കുകയുണ്ടായി. ഒരു സർവേ റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വോട്ടിംഗ്. എന്നാൽ ഇത് പ്രാബല്യത്തിൽ വരുത്തണമെങ്കിൽ ഇനിയും ഒട്ടേറെ കടമ്പകൾ കടക്കണം. എല്ലാ അംഗ രാജ്യങ്ങളുടെയും അഭിപ്രായം തേടുകയും വേണം. എന്നാൽ കോവിഡ് മഹാമാരിയുടെ വരവോടെ ഇത് സംബന്ധിച്ച ചർച്ചകൾ പിന്നോട്ട് പോയിരിക്കുകയാണ്.
Kerala Globe News