ഐറിഷ് മലയാളികളുടെ ഇടയിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ പെരുകുന്നു: സൂക്ഷിക്കുക

Share this

സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഒരു പുതിയ വാർത്തയല്ല; പോരാളി ഷാജിയേയും പോരാളി വാസുവിനെയും ആശ്വതി അച്ചുവിനെയും ഒക്കെ കണ്ടു തഴമ്പിച്ച മലയാളിക്ക് വ്യാജന്മാർ ജീവിതത്തിന്റെ ഭാഗം. എന്നാൽ വലിയൊരു സൗഹൃദവലയത്തെ സൃഷ്ടിക്കുവാൻ ഈ വ്യാജന്മാർക്ക് നിഷ്പ്രയാസം സാധിക്കുമെന്നാണ് അടുത്തിടെ അയർലണ്ടിലെ ചില വ്യാജ പ്രൊഫൈലുകൾ തെളിയിക്കുന്നത്. സ്ത്രീകളുടെ പേരുകളിൽ വളരെ ആകർഷകമായ പ്രൊഫൈൽ ഫോട്ടോകളും മറ്റ് ചിത്രങ്ങളും ഒക്കെ ചേർത്ത് വിശ്വസനീയമായ പേരിലാണ് മിക്ക വ്യാജന്മാരും വ്യാജകളും വിലസുന്നത്. ഇവരുടെ ഫ്രണ്ട് റെക്‌സ്റ്റിൽ വീഴാത്ത മലയാളികൾ അയർലണ്ടിൽ കുറവാണത്ര. ഇങ്ങനെയുള്ള വ്യാജന്മാരെ സുഹൃത്താക്കുന്നതോടെ സ്വന്തം സ്വകാര്യത നഷടമാകുമെന്ന് ചിന്തിക്കുവാൻ പലരും തയ്യാറാകുന്നില്ല. അല്ലെങ്കിൽ വ്യാജന്മാരെ ഒരു യാഥാർത്ഥ വ്യക്തിയായി കണ്ട് സുഹൃത്താക്കുകയാണ് മിക്കവരും. ഒട്ടേറെ വ്യാജ പ്രൊഫൈലുകൾ ഉണ്ടെങ്കിലും അതിൽ ആരെയും ആകർഷിക്കുന്ന രണ്ടു സ്ത്രീ പ്രൊഫൈലുകൾ ചുവടെ ചേർക്കുന്നു. ഒരുപക്ഷെ ഇവരിൽ ചിലർ നിങ്ങളുടെ സൗഹൃദ ലിസ്റ്റിൽ ഉണ്ടാകാം. ഈ പ്രൊഫൈലുകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ യഥാർത്ഥ വ്യക്തികളുടെയും പ്രൊഫൈൽ നാമവുമായി യാതൊരു ബന്ധവും ഉള്ളതല്ല.

MARY EMILY MORGAN 



ഐറിഷ്  മലയാളികളോട് അഗാധ പ്രണയം കാത്തുസൂക്ഷിക്കുന്ന സുന്ദരിയായ ഈ മദാമ്മയുടെ പേരും ചിത്രവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. അമേരിക്കയിലെ പ്രശസ്തയായ അബിഗെയ്ൽ ഹാരിസൺ ( Abigail Harrison ) ആണ് ഈ ചിത്രത്തിലെ യാഥാർത്ഥ വ്യക്തി. Astronaut Abby എന്ന് അറിയപ്പെടുന്ന ഇവരുടെ നിരവധി ചിത്രങ്ങൾ ഈ വ്യാജ പ്രൊഫൈലിൽ ഉപയോഗിച്ചിട്ടുണ്ട്. വിക്‌ലോയിലെ ഒരു മലയാളി നടത്തിയ അന്വേഷണത്തിൽ ഇവരുടേതെന്ന് പറയപ്പെടുന്ന ഒരു സൗത്ത് ആഫ്രിക്കൻ ഫോൺ നമ്പറാണ് ലഭിച്ചത്.

മറ്റൊരു പ്രൊഫൈൽ സൂചനകൾ നൽകാം. ഉടമയെ വായനക്കാർക്ക് കണ്ടെത്താം. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും യഥാർത്ഥ വ്യക്തികളുമാണ് ഈ പ്രൊഫൈലിൽ ചേർത്തിരിക്കുന്നത്. തമിഴ് സാഹിത്യകാരികളായ കനകലതയുടെയും ( ലത ), രാജാത്തി സല്മായുടെയും ചിത്രങ്ങളാണ് അനധികൃതമായി ഉപയോഗിച്ചിരിക്കുന്നത്.



ഇവയൊക്കെ സൈബർ ക്രൈമിന്റെ പരിധിയിൽ വരുമെന്ന് അറിഞ്ഞുകൊണ്ടാണോ ഇങ്ങനെ വ്യാജ പ്രൊഫൈലുകൾ നിർമ്മിക്കുന്നതെന്ന് വ്യക്തമല്ല. ചില സംഘടനകളിൽ പ്രവർത്തിക്കുന്നവരും ചില ബിസിനസ്സുകൾ നടത്തുന്നവരും ഇങ്ങനെ അനേകം വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചിരിക്കുന്നതായാണ് കേരളാ ഗ്ലോബ് നടത്തിയ അന്വഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഐറിഷ് മലയാളികളെ വ്യാപകമായി സുഹൃത്തുക്കളാക്കി ഈ വ്യാജന്മാരെല്ലാം പെരുകുകയാണ്. ഉടമസ്ഥരില്ലാത്ത മാധ്യമങ്ങളും വ്യെക്തിത്വമില്ലാത്ത പ്രൊഫൈലുകളും സമീപഭാവിയിൽ തന്നെ പ്രവാസികൾക്ക് ഭീഷണിയാകുമെന്ന് ഉറപ്പാവുകയാണ്. നമ്മുടെ സ്വകാര്യത നമ്മുടെ മാത്രം ഉത്തരവാദിത്തമാണെന്ന് മറക്കാതിരിക്കുക.

Kerala Globe News

 


Share this