മെഡിക്കൽ ഗ്രേഡ് മാസ്കായ FFP2 നിർബന്ധമാക്കി യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയും ജർമനിയിലെ ബവേറിയയും. ഇന്ന് മുതൽ പൊതു ഇടങ്ങളിൽ എത്തുന്ന 14 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാരും FFP 2 മാസ്കുകൾ നിർബന്ധമായി ധരിച്ചിരിക്കണം. ബ്രിട്ടണിൽ രൂപമെടുത്ത കോവിഡിന്റെ പുതിയ വകഭേദമായ കെൻറ് വകഭേദം അത്യന്തം അപകടകാരിയാണ് എന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഓസ്ട്രിയ ഈ തീരുമാനത്തിലേക്കെത്തിയത്. കഴിഞ്ഞ ആഴ്ച മറ്റൊരു യൂറോപ്യൻ രാജ്യമായ ഫ്രാൻസ് പൗരന്മാരോട് തുണി മാസ്കുകൾക്ക് പകരം സർജിക്കൽ മാസ്കുകൾ ഉപയോഗിക്കുവാൻ നിർദ്ദേശിച്ചിരുന്നു. ബ്രിട്ടനിലും ഇത്തരമൊരു നിർദ്ദേശം ഗവേഷകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ജർമ്മനിയിലും രാജ്യവ്യാപകമായി ഇത് നടപ്പാക്കിയിരിക്കുകയാണ്.
രാജ്യവ്യാപകമായുള്ള ഒരു ലോക്ക്ഡൗണിനു പകരം FFP2 മാസ്കുകൾ പോലുള്ള ഇതരമാർഗ്ഗങ്ങൾ പരീക്ഷിക്കുവാൻ ഒരുങ്ങുകയാണ് വിവിധ രാജ്യങ്ങൾ. KN 95, N95, FFP2 തുടങ്ങിയ മാസ്കുകൾ കോവിഡ് വ്യാപനത്തിനെതിരേ ഫലപ്രദമായി പ്രവർത്തിക്കുന്നതായാണ് മനസ്സിലാക്കുന്നത്. 94 ശതമാനം വരെ പ്രതിരോധം തീർക്കുന്നവയാണ് ഈ മാസ്കുകൾ. അതുകൊണ്ട് തന്നെ വ്യാപനശേഷി കൂടിയ കെന്റ്, ലണ്ടൺ വകഭേദങ്ങൾക്കെതിരെ ഈ മാസ്കുകൾ അനിവാര്യമാണെന്ന് വിവിധ ഗവേഷകർ കരുതുന്നു. WHO പോലുള്ള സംഘടനകളിൽനിന്നും ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ഇല്ലെങ്കിലും തുണി മാസ്കുകൾ ഉപേക്ഷിക്കുവാൻ തന്നെയാണ് ഈ രാജ്യങ്ങളുടെ തീരുമാനം.
എഫ്എഫ്പി 2, എൻ 95, കെഎൻ 95 മാസ്കുകളുടെ പ്രധാന ദോഷം അവ ഡിസ്പോസിബിൾ ആണ് എന്നതാണ് – എട്ട് മണിക്കൂർ ഉപയോഗത്തിന് ശേഷം അവയ്ക്ക് ശുദ്ധീകരണവും സംരക്ഷണ ശേഷിയും നഷ്ടപ്പെടുകയും അവ വലിച്ചെറിയപ്പെടുകയും വേണം.