അയർലണ്ടിലേക്ക് ഹെൽത്ത് കെയർ അസിസ്റ്റൻ്റ് വിസയിൽ വരുന്നതിന് മുൻപ് അറിയേണ്ടത്

Share this

ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് IELTS/OET എന്നിവ ഇല്ലാതെ തന്നെ അയർലണ്ടിൽ ജോലിക്ക് വരുവാൻ, ഹെൽത്ത് കെയർ അസിസ്റ്റൻ്റ്(HCA) വിസ അവസരം ഒരുക്കുകയാണ്. HCA ആയി അയർലണ്ടിൽ വരുന്നതിന് മുൻപ് തന്നെ എന്താണ് ഹെൽത്ത് കെയർ അസിസ്റ്റൻ്റ് എന്ന ജോലിയും, അതിനുള്ള വരുമാനവും ഇവിടുത്തെ ജീവിത ചെലവുകളും കൂടി അറിഞ്ഞിരിക്കണം.

ഗവൺമെൻ്റിൻ്റെ കീഴിൽ നിലവിൽ HCA വേതനം മണിക്കൂറിന് 13.50 മുതൽ 14.30 യൂറോ വരെയാണ്, എന്നാൽ പ്രൈവറ്റ് (സ്വകാര്യ) മേഖലയിൽ ഇത് 10.20 മുതൽ 13 യൂറോ വരെ മാത്രമാണ്. ഗവൺമെൻറ് മേഖലയിൽ HCA ജോലി ലഭിക്കുന്ന ഒരു വ്യക്തിക്ക് വാർഷികവരുമാനം 27,000 മുതൽ 29,000 യൂറോ വരെയും, സ്വകാര്യ മേഖലയിൽ ഇത് 19,000 മുതൽ 23,000 യൂറോ മാത്രമാണ്.

സാധാരണ ഗതിയിൽ ഒരു വ്യക്തിക്ക് 39 മണിക്കൂറാണ് അയർലൻഡിൽ ഒരാഴ്ച ജോലി ചെയ്യാൻ അനുവദനീയമായ ആയ സമയം, എന്നിരുന്നാൽ തന്നെയും 48 മണിക്കൂർ വരെ വർക്ക് ചെയ്യുന്നവരെയും നമ്മൾക്ക് ഇവിടെ കാണാം. ശാരീരിക അധ്വാനം ആവശ്യത്തിലേറെ വേണ്ട ഒരു ജോലിയാണ് HCA.

കണക്കുകൾ വെച്ച് നോക്കുകയാണെങ്കിൽ ഗവൺമെൻറ് സെക്ടറിൽ, മണിക്കൂർ 14 യൂറോ 30 സെൻറ് എന്ന കണക്കിൽ, അനുവദനീയമായ 39 മണിക്കൂർ ജോലി ചെയ്യുമ്പോൾ ലഭിക്കുന്നത് 557 യൂറോ 70 സെൻ്റ് ആണ്, ഈ കണക്ക് വെച്ച് തന്നെ ഒരു മാസത്തിൽ 2230 യൂറോ 80 സെൻ്റ്(557.70×4) ലഭിക്കുന്നതാണ് എന്ന് മനസ്സിലാക്കാം. എന്നാൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, മേൽപ്പറഞ്ഞ തുക ടാക്സ് ഇല്ലാതെ ആണ് പറഞ്ഞിരിക്കുന്നത് എന്നുള്ളതാണ്. നിലവിൽ മുപ്പതിനായിരത്തിൽ താഴെ വരുമാനമുള്ളവർക്ക് 20% ആണ് ടാക്സ്. അതിൻപ്രകാരം 2230ൻ്റെ 20% ആയ 445 യൂറോ കുറച്ചുകഴിയുമ്പോൾ 1785 യൂറോ മാത്രമാണ് മാസവരുമാനം.

മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം സ്വകാര്യമേഖലയിൽ നോക്കുകയാണെങ്കിൽ, മണിക്കൂറിന് ഇന്ന് പരമാവധി 13 യൂറോ എന്ന കണക്കിൽ, 39 മണിക്കൂറിന് 507 യൂറോയും, ഒരുമാസം 2028 യൂറോയിൽ ലഭിക്കുന്നതായി കാണാം. ഇതിൽ നിന്ന് 20 ശതമാനം(405 യൂറോ), ടാക്സ് കഴിഞ്ഞാൽ 1628 യൂറോ മാത്രമാണ് മാസവരുമാനം.

ഇന്ന് ഒരു യൂറോയ്ക്ക്, ഏകദേശം 86 രൂപ എന്ന നിലയിൽ, HCA ജോലിക്ക് പരമാവധി ഒന്നര ലക്ഷം രൂപ അടുത്ത് വരുമാനം ഉണ്ട് എന്ന് അറിയാൻ സാധിക്കും. ഇനി അറിയേണ്ടത് ഈ ഒന്നര ലക്ഷം രൂപയ്ക്ക് അയർലൻഡിൽ എങ്ങനെ ജീവിക്കാൻ സാധിക്കും എന്നുള്ളതാണ്.

നിലവിൽ അയർലൻഡ് നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നങ്ങളിലൊന്നാണ് ഭവന പ്രതിസന്ധി. വാങ്ങുവാനോ, വാടകയ്ക്ക് എടുക്കുവാനോ സാധിക്കാത്തവിധം അയർലൻഡിൽ ഇന്ന് വീടുകളുടെ ദൗർലഭ്യം നേരിടുകയാണ്. നിലവിൽ വാടക വീടുകളുടെ നിരക്ക് (2 ബെഡ്റൂം), മാസം 1000 മുതൽ 3000 യൂരോവരെയാണ് വരുന്നത്. അയർലണ്ടിലെ ഗ്രാമീണ മേഖലയിൽ 1000 യൂറോ മുതൽ വാടകവീടുകൾ ലഭിക്കുമെങ്കിലും, നഗരങ്ങളിൽ അത് അത് ഏറ്റവും ചുരുങ്ങിയത് രണ്ടായിരവും, മൂവായിരം യൂറോ വരെയാണ്. HCA വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനങ്ങൾ ഈ ജോലിയുടെ കാലയളവിൽ പാർപ്പിട സൗകര്യം നൽകുന്നതായി ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.

വീട്ടു വാടക കഴിഞ്ഞാൽ, ഒരു ശരാശരി വീടിന് ഗ്യാസ് ഇലക്ട്രിസിറ്റി മുതലായ ഇനങ്ങളിൽ ചുരുങ്ങിയത് ഏകദേശം 300 യൂറോ വരെ ചെലവ് വരുന്നുണ്ട്. വേസ്റ്റ് മാനേജ്മെൻറ്, വൈഫൈ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് ഏകദേശം 60 മുതൽ 100 യൂറോ വരെ ചെലവ് പ്രതീക്ഷിക്കാം. ഒരു ശരാശരി ഭവനത്തിന് മാസം 300 യൂറോയോളം അടുത്ത്, പലചരക്ക് പലവ്യഞ്ജന സാധനങ്ങൾ വാങ്ങുവാൻ വേണ്ടിവരും.

ഇതിൽ പറയാത്ത കാര്യങ്ങളാണ് ഗതാഗത ചെലവുകൾ. ഒരു കാർ വാങ്ങുക എന്നത് വളരെ എളുപ്പമാണെങ്കിലും അതിൻറെ അനുബന്ധമായ ഇൻഷൂറൻസ്, ടാക്സ് എന്നിവയ്ക്ക് ഭീമമായ തുക മുടക്കേണ്ടത് ആയിട്ടുണ്ട്. പൊതുഗതാഗത സൗകര്യം കുറഞ്ഞ സ്ഥലമാണ് അയർലൻഡ് എന്ന് ആദ്യം മനസ്സിലാക്കുക. സ്വകാര്യവാഹനങ്ങൾ ആണ് ആൾക്കാർ കൂടുതലും ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ.

മേൽപ്പറഞ്ഞ ചെലവുകൾ വെച്ച് നോക്കുകയാണെങ്കിൽ ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്, HCA ജോലിയിലൂടെ മാത്രം നിലനിൽക്കുക എന്നു പറയുന്നത് തീർത്തും ദുർഘടമായ ഒരു കാര്യമാണ്. എന്നാൽ ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിലോ, ഇവിടെ ആരെങ്കിലും താമസ സൗകര്യങ്ങൾ നൽകാൻ ഉണ്ടെങ്കിലോ, ബന്ധുക്കളും മിത്രങ്ങളും സഹായിക്കാൻ ഉണ്ടെങ്കിലോ പിടിച്ചുനിൽക്കാൻ സാധിക്കും.

അടുത്തതായി അറിയേണ്ടത്, നിലവിൽ HCA വിസയിൽ വരുന്നവരുടെ ദാമ്പത്യ പങ്കാളികൾക്ക് ജോലി ചെയ്യുവാനുള്ള പെർമിഷൻ ഇല്ല എന്നുള്ളതാണ്. മേൽ പറയുന്ന HCA വിസ, വർക്ക് പെർമിറ്റ്ൻ്റെ കീഴിൽ വരുന്നത് ആയതിനാൽ ഏതെങ്കിലും തരത്തിൽ ജോലി സ്ഥലത്തു നിന്ന് മാറണം എന്നുവെച്ചാൽ അതിൻറെതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുകയും ചെയ്യും. നിലവിലെ നിയമങ്ങൾ അനുസരിച്ച് 5 വർഷക്കാലം ശേഷം മാത്രമേ ഇവർക്ക് അയർലൻഡിൽ പെർമിറ്റില്ലാതെ വർക്ക് ചെയ്യുവാനോ അല്ലെങ്കിൽ പൗര ഭേദഗതി വരുത്തുവാനോ സാധിക്കുകയുള്ളൂ.

ഹെൽത്ത് കെയർ അസിസ്റ്റൻറ് വിസയിൽ വരുന്നവരെ കുറച്ചു കാണുകയോ അല്ലെങ്കിൽ കുറ്റപ്പെടുത്തുകയല്ല, മറിച്ച് ചൂണ്ടിക്കാണിക്കുകയാണ് നിലവിൽ ഇതാണ് അയർലൻഡിൻ്റെ അവസ്ഥ എന്നുള്ളത്. ചൂഷണങ്ങൾക്ക് ഇരയാവാതിരിക്കാൻ ഏവരും ശ്രദ്ധിക്കുക. നിലവിൽ പെർമിറ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളും തൊഴിൽ വാഗ്ദാനം ചെയ്യുന്നവർ ആണ് നൽകേണ്ടത്, അതിൻറെ അനുബന്ധ ചെലവുകളും. സാധാരണഗതിയിൽ ഇതിൽ ഇങ്ങോട്ടുള്ള യാത്രാക്കൂലി മാത്രമാണ് ഉദ്യോഗാർത്ഥി നൽകേണ്ട ചെലവ്.

നാട്ടിൽ നിന്ന് ഒരാളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് എല്ലാ ഏജൻസികളോടും നന്ദിയും കടപ്പാടും ഏവർക്കും ഉണ്ടാകും, എന്നാൽ അതിൻറെ പേരിൽ കൊള്ളലാഭം അരുത്.

“ഭൂമിയിലെ മാലാഖമാർ” എന്നാണ് കേരളത്തിലും, ഇന്ത്യയിലും നേഴ്സുമാർ അറിയപ്പെടുന്നതെങ്കിലും, സത്യത്തിൽ “പ്രൊഫഷണൽ ജോലിയിൽ, സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ്” ഇന്ത്യൻ നഴ്സുമാർ. HCA വിസയുടെ പേരിൽ ഈ സാധുക്കളെ ചൂഷണം ചെയ്യാതിരിക്കാൻ ഏവരും ശ്രദ്ധിക്കുക.

ലേഖകൻ: അനൂപ് ജോസഫ് ക്ലോൺമൽ 

Kerala Globe News


Share this