അയർലണ്ടിൽ കോവിഡ്ബാധിച്ച ആരോഗ്യപ്രവർത്തകകരിൽ 88 ശതമാനത്തിനും രോഗം പിടിപെട്ടത് ജോലി സ്ഥലത്തുനിന്നുമാണെന്ന് INMO ക്ക് ലഭിച്ച കണക്കുകൾ കാണിക്കുന്നു. ഇന്നലെ ഇറക്കിയ പത്രകുറിപ്പിലാണ് INMO ഇക്കാര്യം വ്യക്തമാക്കിയത്. HPSC ( Health Protection Surveillance Centre ) നടത്തിയ പഠനത്തിന്റെ കൂടുതൽ വിവരങ്ങളും INMO പുറത്തു വിട്ടു. മെയ് 30 വരെയുള്ള കണക്കുകൾ പ്രകാരം;
- 88 ശതമാനം ആരോഗ്യപ്രവർത്തകർക്കും രോഗം ലഭിച്ചത് അവരുടെ ജോലി സ്ഥലത്തുനിന്നും ആണ്.
- 4 ശതമാനം പേർക്ക് രോഗം ലഭിച്ചത് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടുള്ള ബന്ധം മൂലം.
- 3 ശതമാനം പേർക്ക് യാത്ര മൂലവും,
- 3 ശതമാനം സാമൂഹ്യവ്യാപനം വഴിയായും
- 1 ശതമാനം മറ്റു രോഗവുമായി ബന്ധപ്പെട്ട് ചികിത്സക്കായി എത്തിയപ്പോൾ
രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ 8,018 കേസുകളിൽ 2,551 പേർക്ക് രോഗം എവിടെനിന്ന് ലഭിച്ചു എന്ന് അറിവായിട്ടില്ല. ചുരുക്കത്തിൽ അയർലണ്ടിലെ കോവിഡ് 19 കേസുകളിൽ മൂന്നിൽ ഒന്നും ആരോഗ്യപ്രവർത്തകരാണെന്ന് കാണാം. അതിൽ പത്തിൽ ഒന്ന് നേഴ്സുമാരും. അയർലണ്ടിലെ എല്ലാ തൊഴിൽമേഖലകളും കൂടി എടുത്താലും അതിൽ ആരോഗ്യപ്രവർത്തകരെ തന്നെയാണ് ഈ രോഗം ഏറ്റവുംകൂടുതൽ ബാധിച്ചിട്ടുള്ളത്. മെയ് 30 വരെ ഏഴ് ആരോഗ്യ പ്രവർത്തകർ വൈറസ് ബാധിച്ച് മരിച്ചു, 1,515 (19%) പേർ സുഖം പ്രാപിച്ചു, 4,823 പേർ ഇപ്പോഴും രോഗികളാണ് (60%). 20% കേസുകൾ നിലവിൽ അജ്ഞാതമാണ്. ഈ കണക്കുകൾ പുറത്തുവിടണമെന്ന് ഐഎൻഎംഒ ആവർത്തിച്ചു.
ആരോഗ്യപ്രവർത്തകർക്കിടയിലെ ഉയർന്ന തോതിലുള്ള അണുബാധയെ ചെറുക്കുന്നതിന്, ഐ.എൻ.എം.ഒ മൂന്ന് നയപരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു:
1. ഇത് ജോലി സ്ഥലത്തു സംഭവിക്കുന്ന അപകടം/പരിക്ക് ആയി കണ്ടു ആരോഗ്യ സുരക്ഷാ നിയമം ഭേദഗതി ചെയ്യുക.
2. പോസിറ്റീവ് കേസുമായി അടുത്ത് സമ്പർക്കംപുലർത്തി എന്ന് വിശ്വസിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് 14 ദിവസത്തേക്ക് സ്വയം മാറി നിൽക്കുവാൻ സൗകര്യമൊരുക്കുക.
3. എല്ലാ ആരോഗ്യ പ്രവർത്തകർക്കും – നഴ്സിംഗ് ഹോമുകളിലോ ക്ലസ്റ്ററുകളിലോ ഉള്ളവർക്ക് മാത്രമല്ല – പതിവായി COVID-19 പരിശോധന നൽകണം.
ഇത് സുരക്ഷാ (PPE ) ഉപകരണങ്ങളുടെ പോരായ്മ മാത്രമായി കാണാതെ ഇക്കാര്യത്തിൽ ഒരു നയപരമായ മാറ്റം കൂടി കൊണ്ട് വരാൻ സർക്കാർ ശ്രെമിക്കണമെന്ന് INMO ആവശ്യപ്പെടുന്നു.
Kerala Globe News