അയർലണ്ടിൽ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സഹായകമായി ഒരു വിർച്വൽ ഷോക്കേസ് സംഘടിപ്പിച്ച് ഐറിഷ് വിദ്യാഭ്യാസ വകുപ്പ്. ഫെബ്രുവരി 27 ന് 13:00 മുതൽ 18:00 IST വരെയാണ് ഈ വിർച്വൽ മേള. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മുൻകൂർ രജിസ്റ്റർ ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ട് സംസാരിക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്യാം. അയർലണ്ടിലെ പ്രശസ്തമായ 20 ൽ പരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിൽ ന്യൂഡൽഹിയിൽ നിന്നുള്ള ഐറിഷ് വിസ ഓഫീസും ഉൾപ്പെടുന്നു. ആയിരത്തിൽപരം വിദ്യാർത്ഥികളെയാണ് അന്നേ ദിവസം പ്രതീക്ഷിക്കുന്നത്.
അടുത്തിടെ മൂവായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി അയർലണ്ടിൽ എത്തിയിരുന്നു. കൂടുതലും വടക്കേ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഈ വിർച്വൽ ഷോക്കേസിൽ പങ്കെടുക്കുന്നവർക്ക് അയർലണ്ടിൽ പഠിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ സെമിനാറുകളിലും ജനറൽ സെഷനുകളിലും പങ്കെടുക്കാനും കോളേജ് പ്രതിനിധികളുമായും ഏജന്റുമാരുമായും സംസാരിക്കാനും ഔദ്യോഗിക ഐറിഷ് സർക്കാർ പ്രതിനിധികളിൽ നിന്ന് ഉപദേശം നേടാനും സ്കോളർഷിപ്പുകളെക്കുറിച്ച് അറിയാനും വിസ പ്രക്രിയകളെ കുറിച്ച് വിശദമായി മനസ്സിലാക്കുവാനും കഴിയും. കൂടാതെ, പങ്കെടുക്കുന്ന പല സ്ഥാപനങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.
ഫെബ്രുവരി 27 ന് നടക്കുന്ന ഈ വിർച്വൽ ഷോക്കേസിലേക്ക് മുൻകൂർ രജിസ്റ്റർ ചെയ്യുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Register ( Click Here )
ഇതുകൂടാതെ ഇന്ത്യയിൽ അഞ്ചിടത്തായി നേരിട്ടെത്തി Education Fairs സംഘടിപ്പിച്ചിരിക്കുകയാണ് എഡ്യൂക്കേഷൻ ഇൻ അയർലൻഡ് . ഇത് പൂർണ്ണമായും രജിസ്‌ട്രേഷൻ പൂർത്തിയായതിനാൽ ഇനി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 ലെ വിർച്വൽ ഷോക്കേസിലേക്ക് മാത്രമേ രജിസ്റ്റർ ചെയ്യുവാൻ കഴിയുകയുള്ളൂ.
Kerala Globe News