വീടിനകത്ത് ഏറ്റവും ഉയരം കൂടിയ കറിവേപ്പ്: അയർലണ്ടിൽ വിജയഗാഥ രചിച്ച് മലയാളി.

Share this

ഏതൊരു മലയാളിയും പ്രവാസിയായി കേരളം വിടുമ്പോൾ അവൻ്റെ മനസ്സിൽ എന്നും ജന്മനാടിൻ്റെ ഓർമ്മകൾ ശക്തമായി ഉയരും. മുൻപ് കഴിച്ചിരുന്ന ഭക്ഷണശീലങ്ങൾ തൊട്ട് ജീവിത ശൈലി വരെ പുനർസൃഷ്ടിക്കുവാൻ അടങ്ങാത്ത ആഗ്രഹമായിരിക്കും ഓരോ പ്രവാസിയുടെയും ഉള്ളിൽ. നാളികേരവും കറിവേപ്പും മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത കറിക്കൂട്ടുകളാണ്. അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെത്തന്നെയാണ് ഒരു പ്രവാസിയായി റോജിനും കുടുംബവും അയർലണ്ടിലെ വാട്ടർഫോർഡിലേക്ക് കടന്നു വരുന്നത്. കുറച്ചുകാലം അയർലണ്ടിലെ ചെറു തണുപ്പിൽ ജീവിച്ചപ്പോൾ നാടിന്റെ ഓർമ്മകൾ വീണ്ടും റോജിനെ തേടി കടന്നുവന്നു. അങ്ങനെയാണ് ഒരു അവധിക്കായി നാട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ  നാലഞ്ചു കറിവേപ്പിൻ തൈകൾ കൂടി പെട്ടിയിൽ കരുതിയത്. കൃത്യമായി പറഞ്ഞാൽ ഒരു എട്ടു വർഷം മുൻപ്.  

കൊണ്ടുവന്ന തൈകൾ എല്ലാം കൊച്ചു GROW POT കളിൽ ആക്കി നാളുകൾ കാത്തിരുന്നു. ഒരു രക്ഷയും ഇല്ല. എന്ന് മാത്രമല്ല അതിൽ നാലെണ്ണം ഐറിഷ് കാലാവസ്ഥയോട് മല്ലിട്ട് ജീര്ണാവസ്ഥയിലും എത്തി. എന്നാൽ ഒരു കറിവേപ്പ് അതിജീവനത്തിൻ്റെ മലയാളീ സ്വഭാവത്തോടെ തളിർപ്പുകൾ പുറത്തെടുത്തു. റോജിൻ അതിനെ നല്ല സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തു വീടിനകത്തു സൂക്ഷിച്ചു. കാരണം അയർലണ്ടിലെ കാലാവസ്ഥയിൽ കറിവേപ്പിന് പുറത്തു അധികകാലം വളരുവാനൊക്കില്ല. പിന്നീട് വളർച്ചയുടെ വിവിധ ഘട്ടങ്ങൾ. വലുപ്പം വെച്ച് വരുന്നതിനനുസരിച്ചു കൂടുതൽ വലുപ്പമുള്ള പോട്ടുകളിലേക്ക് സ്ഥാനമാറ്റം.

എട്ടു വർഷങ്ങൾക്ക് ശേഷം പഴയ ആ കൊച്ചു കറിവേപ്പ് ഇന്ന്  അയർലണ്ടിലെ വീടിനകത്തു വളർത്തുന്ന കറിവേപ്പുകളിൽ ഏറ്റവും ഉയരമുള്ള കറിവേപ്പ് ആയി മാറി കഴിഞ്ഞു. ഒരു പത്തടിയുടെ അടുത്ത് ഉയരത്തിൽ വളർന്നു കഴിഞ്ഞു. എന്താണ് ഇതിന്റെ രഹസ്യം എന്ന് ചോദിച്ചാൽ റോജിൻ പറയും. ” നല്ല വെയിൽ കിട്ടുന്നിടത്തു ചെടി വെയ്ക്കുക. പിന്നെ വീട്ടിൽ ദൈനംദിനം നമ്മൾ ഉണ്ടാക്കുന്ന ചായയുടെ ടീ ബാഗ് പൗഡർ വളമായി ഇട്ടുകൊടുക്കാം. മുട്ടയുടെ തോട്.. ഇറച്ചിയോ മറ്റോ കഴുകുമ്പോൾ കിട്ടുന്ന വെള്ളം ഇവയൊക്കെ വളമായി നൽകാം.”

ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന റോജിൻ ഭാര്യ ഹണിയോടും മൂന്നു മക്കളോടുമൊപ്പം അയർലണ്ടിലെ വാട്ടർഫോർഡിലാണ് താമസിക്കുന്നത്. മലയാളികൾക്കായുള്ള Malayali Farmers & Gardeners in Ireland ( https://www.facebook.com/groups/2044378838983258/?fref=nf )എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ റോജിന്റെ ഈ കറിവേപ്പ് ചിത്രം വൈറൽ ആയിരിക്കുകയാണ്.

Kerala Globe News


Share this

Leave a Reply

Your email address will not be published. Required fields are marked *