കോവിഡ് 19 എന്ന രോഗത്തോടു കൂടെ നമുക്ക് ഏവർക്കും സുപരിചിതമായ ഒന്നാണ് ഫേസ് മാസ്കുകൾ (മുഖാവരണം). ഫേസ് മാസ്കുകൾ ഉപയോഗിക്കാത്ത ആരെങ്കിലും ഇന്ന് ലോകത്ത് കണ്ടെത്തുക അസാധ്യമായിരിക്കും. ഫേസ് മസ്കുകളുടെ ചരിത്രമെടുത്താൽ പല കാലഘട്ടങ്ങളിൽ പല തരത്തിൽ മനുഷ്യൻ ഉപയോഗിച്ചിരുന്നതായി കാണാൻ സാധിക്കും. അറേബ്യൻ നാടുകളിൽ പൊടിക്കാറ്റിൽ നിന്ന് രക്ഷപ്പെടാനായി, യൂറോപ്പിൽ വസ്ത്രാലങ്കാരങ്ങളുടെ ഭാഗമായി ആയി, പടയാളികളിൽ മുഖ കവചമായി, പുരോഹിത വർഗങ്ങളിൽ അധികാര ചിഹ്നമായി അങ്ങനെ പലവിധം, പലതരം ഉപയോഗങ്ങൾ.
കുറച്ചുകൂടി വ്യക്തമായ ഒരു ചരിത്രം ചികഞ്ഞാൽ പതിനേഴാം നൂറ്റാണ്ടിൽ ഉണ്ടായ പ്ലേഗിന്റെ കാലഘട്ടത്തിൽ ഫേസ് മാസ്കുകൾ ഉപയോഗിച്ചതായി കാണാം. 1799 ഇൽ അലക്സാണ്ടർ വോൺ ഹംബോൾട്ട്, ഖനി തൊഴിലാളികൾക്ക് വേണ്ടി ആദ്യമായി ഒരു വിവിധോദ്ദേശ മാസ്ക്കുകൾ ഉണ്ടാക്കിയതായി കാണാം. നമ്മൾ ഇന്ന് കാണുന്ന തരം മാസ്കുകളുടെ ആദ്യ രൂപം 1897 ഇല് ഫ്രഞ്ച് സർജനായ പോൾ ബർഗർ ഉപയോഗിച്ചതായി രേഖകളിൽ കാണുന്നു. ആറു വരികളായി പഞ്ഞിക്കെട്ടുകൾ അടക്കി തുണിയിൽ പൊതിഞ്ഞത് ആയിരുന്നു ആ മാസ്ക്. ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ പ്ലേഗും, ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ 1918 ലെ സ്പാനിഷ് ഫ്ലുവും ആണ് ഫേസ് മാസ്കുകൾ ഇത്രകണ്ട് പ്രചാരത്തിൽ ആക്കിയത്.
1960-കളിൽ ഇപ്പോൾ കാണുന്ന തരം ഡിസ്പോസിബിൾ ഫേസ് മാസ്കുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചു തുടങ്ങി. 1972 കണ്ടുപിടിച്ച N95 ഫേസ് മാസ്കുകൾ, 1995 മുതൽ ആരോഗ്യരംഗത്തെ അംഗീകൃത രോഗപ്രതിരോധ ആവരണമായി അംഗീകരിക്കപ്പെട്ടു.
ഇന്നീ ലോകത്ത് എട്ടുതരം അംഗീകൃത ഫേസ് മാസ്കുകൾ ആണുള്ളത്.
- 1. തുണി കൊണ്ടുള്ള ഫേസ് മാസ്കുകൾ
- 2. സർജിക്കൽ ഫേസ് മാസ്കുകൾ
- 3. N95 ഫേസ് മാസ്കുകൾ
- 4. ഫിൽറ്ററിംഗ് പാഡ് കൂടിയ ഫേസ് മാസ്കുകൾ
- 5. P100 ഫേസ് മാസ്കുകൾ/ ഗ്യാസ് മാസ്കുകൾ
- 6. ശ്വസന വായു കവചിത ഫേസ് മാസ്കുകൾ
- 7. ഫുൾ ഫേസ് റെസ്പിറേറ്റർ
- 8. KN95 റെസ്പിറേറ്ററി മാസ്ക്കുകൾ.
ഇതിൽ തന്നെ വിവിധ തരം വകഭേദങ്ങൾ ഉണ്ടെങ്കിലും പൊതുവായി അംഗീകരിച്ചിരിക്കുന്നത് ഈ പറഞ്ഞ എട്ടു തരമാണ്.
ഈ പകർച്ചവ്യാധിയുടെ കാലത്ത് നമുക്ക് ഉപയോഗിക്കാൻ ഏറ്റവും നല്ലത് ഏതാണ്?
ഫേസ് മാസ്കുകൾ പലതുമുണ്ടെങ്കിലും അതിൻറെ ശരിയായ ഉപയോഗം അറിഞ്ഞില്ലെങ്കിൽ അത് പലപ്പോഴും ഉപദ്രവകാരിയായി മാറുന്നതാണ്.
തുണി കൊണ്ടുള്ള ഫേസ് മാസ്കുകൾ ഏതൊരു വ്യക്തിക്കും പൊതുസമൂഹത്തിൽ ഉപയോഗിക്കാൻ നല്ലതാണ്. വായു സാംക്രമിക രോഗങ്ങൾ തടയുന്നതിന് തുണി കൊണ്ടുള്ള ഫേസ് മാസ്ക് പൂർണമായും ഉപകാരപ്രദം അല്ലെങ്കിലും ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വായു സാംക്രമിക രോഗങ്ങൾ പടരുന്നത് തടയാൻ ഒരു പരിധിവരെ ഉപകാരപ്രദമാണ്. നമ്മൾ സംസാരിക്കുമ്പോൾ നമ്മൾ പോലും അറിയാതെ വായിൽ നിന്നും മൂക്കിൽ നിന്നും പുറത്തേക്ക് വരുന്ന ജലകണികകൾ പിടിച്ചുനിർത്താൻ തുണി കൊണ്ടുള്ള ഫേസ് മാസ്ക് ധാരാളം മതി. യാത്ര ചെയ്യുമ്പോഴും, കടകളിൽ പോകുമ്പോഴും, പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോഴും, എന്തിനധികം അയൽക്കാരോട് സംസാരിക്കുമ്പോൾ പോലും തുണി കൊണ്ടുള്ള ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നത് വ്യക്തിപരമായി നമുക്കും പൊതുസമൂഹത്തിനും മാതൃകയാക്കാവുന്ന ഒരു ഉത്തമ ശീലമാണ്. സാധാരണ തുണികൊണ്ടുള്ള മാസ്ക്കുകൾ കഴുകി ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ചിലവും കുറവാണ്, ഏതു തരം തുണികൾ കൊണ്ടുപോലും ഉണ്ടാക്കാൻ സാധിക്കുന്നതിനാൽ ഫാഷൻ പരമായും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
സർജിക്കൽ ഫേസ് മാസ്കുകൾ ആരോഗ്യരംഗത്ത് മാത്രമല്ല പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്നത് ആണെങ്കിലും, ഉപയോഗിക്കാൻ അറിയാത്തവർ ഉപയോഗിച്ചാൽ കൂടുതൽ ദോഷം ആണ് ഉണ്ടാവുക. സർജിക്കൽ മാസ്ക്കുകൾ വലിയൊരു പരിധിവരെ വായു സാംക്രമിക രോഗങ്ങൾ തടയാൻ സാധിക്കുന്നതാണ്. ഇത്തരം മാസ്ക്കുകൾ വായുവിനെ അരിച്ചു കടത്തിവിടുമ്പോൾ നല്ലൊരു ശതമാനം വായു കണികകളെയും, രോഗാണുക്കളെയും അതിൻറെ നാരുകളിൽ തടഞ്ഞു നിർത്തുന്നു. ആറു മണിക്കൂറിനു മുകളിൽ ഇത്തരം മാസ്ക്കുകൾ ഉപയോഗിക്കുന്നത് അതിൻറെ പ്രതിരോധശേഷിയെ കുറയ്ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ശ്വാസോച്ഛ്വാസത്തിൽ നിന്നുള്ള ഈർപ്പവും മറ്റ് കണികകളും സർജിക്കൽ മാസ്കിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നു. ഇത്തരം മാസ്കുകളുടെയ് ഉൾവശവും പുറവും ഒരുപോലെ രോഗാണുക്കൾ നിറഞ്ഞു ഇരിക്കാൻ സാധ്യതയുള്ളതിനാൽ ഇത് ഉപയോഗശേഷം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം മാസ്ക്കുകൾ ഒരു കാരണവശാലും പൊതുഇടങ്ങളിൽ ഉപേക്ഷിക്കാൻ പാടില്ല.
സർജിക്കൽ മാസ്കുകൾ ഉപയോഗശേഷം ഊരുമ്പോൾ ഒരു കാരണവശാലും മുൻഭാഗത്ത് തൊടാൻ പാടുള്ളതല്ല. ഈ മാസ്ക്കുകൾ ഊരുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകി ഇരിക്കണം. കോവിഡ് 19 രോഗം സംശയിക്കുന്ന വ്യക്തിയാണെങ്കിൽ ഇത്തരം മാസ്ക്കുകൾ ഉപയോഗശേഷം ഒരു പ്ലാസ്റ്റിക് കൂടിൽ നിക്ഷേപിക്കുക. ആ കൂട് പൂർണ്ണമായും മുറുക്കി കെട്ടിയതിന് ശേഷം മറ്റൊരു പ്ലാസ്റ്റിക് കവറിൽ ഇട്ട് ആ കവറും നന്നായി കെട്ടുക. ഇങ്ങനെ രണ്ട് കവറുകളിലാക്കിയ ശേഷം മാത്രമേ സർജിക്കൽ മാസ്ക്കുകൾ നമ്മുടെ ഗാർഹിക മാലിന്യ സംഭരണികളിൽ നിക്ഷേപിക്കാൻ പാടുള്ളൂ. സാംക്രമിക രോഗ സംശയമില്ലാത്ത വ്യക്തികളുടെ മാസ്ക്കുകൾ ഒരു തവണയെങ്കിലും ഒരു പ്ലാസ്റ്റിക് കവറിൽ മൂടി മാത്രം ഗാർഹിക മാലിന്യ സംഭരണികളിൽ നിക്ഷേപിക്കാൻ ശീലിക്കുക.
N95 ഫേസ് മാസ്കുകൾ പൂർണ്ണമായും ആരോഗ്യരംഗത്ത് ഉള്ളവർക്ക് മാത്രമാണ്. പൊതുജനങ്ങൾ ഇത്തരം മാസ്ക് ഉപയോഗിക്കുന്നത് സമൂഹത്തിന് തന്നെ അപകടകരമായ ഒരു കാര്യമാണ്. ഇത്തരം മാസ്കുകളിലെ ഫ്ലാപ് മോഡൽ മാസ്ക്കുകൾ രോഗമുള്ള വ്യക്തികൾ ഉപയോഗിച്ചാൽ, അവരുടെ ഉച്ഛ്വാസവായു ഈ ഫ്ലാപ്കളിലൂടെ പുറത്തുവരുന്നതിനു കാരണമാകുന്നു. ഇത്തരം സന്ദർഭങ്ങൾ മറ്റുള്ളവരിലേക്ക് കൂടെ രോഗം പകരാനുള്ള സാധ്യത കൂട്ടുന്നു, അതിനാൽ തന്നെ തന്നെ വിവിധ ഭരണകൂടങ്ങൾ ഇത്തരം മാസ്ക്കുകൾ പൊതുജനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആണ് ഇത്തരം മാസ്കുകളുടെയ് ആവശ്യമുള്ളത്.
ഫേസ് മാസ്ക് വെറുതെ ഉപയോഗിക്കുന്നു എന്നല്ല, മറിച്ച് ഞാൻ എത്രത്തോളം ശരിയായിയാണ് അത് ഉപയോഗിക്കുന്നതെന്നും, മറ്റുള്ളവർക്ക് ദോഷം വരാതെ തന്നെ ഉപയോഗിച്ച ഫേസ് മാസ്കുകൾ നശിപ്പിക്കുന്നുണ്ട് എന്നതിലുമാണ് കാര്യം. മടിക്കേണ്ട ഫേസ് മാസ്ക് ഒരു ശീലമാക്കുക.
ഫേസ് മാസ്ക് സംബന്ധിച്ച് WHO യുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. << CLICK HERE >>
ലേഖകൻ: അനൂപ് ജെ.
Related posts:
ഒ.സി.ഐ. കാർഡുള്ള പ്രവാസികൾക്ക് ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ: നിലവിലുള്ള അവകാശങ്ങൾ നഷ്ടമാകും
NMBI ബോർഡ് ഇലക്ഷൻ: ജോസഫ് ഷാൽബിന് ഗംഭീര വിജയം: ചരിത്രത്തിലാദ്യമായി ഒരു മലയാളി ഐറിഷ് നഴ്സിംഗ് ബോർഡിൽ
ഒരു ഭവനം കൂടി പൂർത്തിയാകുന്നു: ആത്മ സംതൃപ്തിയോടെ ഡബ്ലിൻ സീറോ മലബാർ സഭ
കോവിഡ് കാലത്തും നഴ്സുമാർക്ക് കൂടിയ പ്രീമിയവുമായി CORNMARKET കാർ ഇൻഷുറൻസ്.
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (104) കാലം ചെയ്തു: നഷ്ടമായത് നർമ്മത്തിലൂടെ ആത്മീയത പകർന്നു നൽക...