BREAKING NEWS: എല്ലാ നിയന്ത്രണങ്ങളും നീക്കി അയർലൻഡ്

Share this

ഡബ്ലിൻ: അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കുവാൻ മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഏർപ്പെടുത്തിയിരുന്ന ഭാഗികവും, സമ്പൂർണവുമായ എല്ലാ  നിയന്ത്രണങ്ങളും നാളെ മുതൽ ഇല്ലാതാകും. തിങ്കളാഴ്ച മുതൽ ജനജീവിതം സർവ്വ സാധാരണമാക്കുകയാണ് ഗവണ്മെന്റ് ലക്‌ഷ്യം. സാമൂഹ്യ അകലം, സാമൂഹ്യ ഒത്തു ചേരൽ തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാകും. ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെ മുതൽ സാധാരണ വ്യാപാര സമയം പുനരാരംഭിക്കാം, നിശാക്ലബ്ബുകൾക്കുള്ള നിയന്ത്രണങ്ങളും അവസാനിക്കും. അന്താരാഷ്‌ട്ര വിമാനയാത്രകൾക്ക് മാത്രമായിരിക്കും ഇനി മുതൽ കോവിഡ് വാക്‌സിനേഷൻ സെർട്ടുകൾ ആവശ്യമായി വരിക.

ഗാർഹിക ഒത്തുചേരലുകൾക്കുള്ള നിയന്ത്രണങ്ങളും ഇല്ലാതാകും. കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള ഇൻഡോർ, ഔട്ട്ഡോർ ഇവന്റുകൾക്കുള്ള നിയന്ത്രണങ്ങളും നാളെ മുതൽ നീക്കം ചെയ്യും. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതു തുടരും. വിമാന യാത്രയിൽ, ആളുകൾ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും പാസഞ്ചർ ലൊക്കേറ്റർ ഫോമുകൾ പൂരിപ്പിക്കുകയും വേണം. 

മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ പാത പിന്തുടർന്നാണ് അയർലണ്ടും ഇങ്ങനൊരു തീരുമാനത്തിലേക്കെത്തുന്നത്. ഓമിക്രോൺ വ്യാപനം അതിന്റെ പരമാവധി പിന്നിട്ടു എന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് അയർലണ്ടിന്റെ ഈ നീക്കം. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ നിൽക്കുമ്പോൾ ഇങ്ങനൊരു തീരുമാനം ഫലപ്രദമായേക്കുമോ എന്ന ആശങ്ക വിവിധയാളുകൾ പങ്കുവെക്കുന്നുണ്ട്.

Kerala Globe News


Share this