ക്രിസ്തുമസ്സ് ഈവ് മുതൽ അയർലണ്ടിൽ വീണ്ടും ലെവൽ 5 ലോക്ക് ഡൗൺ: കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ബ്രിട്ടനിൽ നിന്നും അയർലണ്ടിൽ എത്തിയത് മുപ്പതിനായിരം പേർ: കോവിഡ് കേസുകളിൽ 10 ശതമാനത്തിലേറെ ദിനപ്രതി വർദ്ധനവ്

Share this

ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിൽ അയർലണ്ട് വീണ്ടും ലെവൽ 5 ലോക്‌ഡൗണിലേക്ക് പോകുന്ന കാര്യത്തിൽ ധാരണയായി. ക്രിസ്തുമസ്സ് ഈവ്  ( ഡിസംബർ 24th ) മുതൽ ജനുവരി 12 വരെയായിരിക്കും ലെവൽ 5 ലോക്ക് ഡൗൺ പ്ലാൻ ചെയ്തിരിക്കുന്നത്. നേരെത്തെ നടന്ന NPHET യോഗത്തിൽ ലെവൽ 5 നുള്ള നിർദ്ദേശങ്ങൾ സർക്കാരിന് നൽകിയിരുന്നു. ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ കോവിഡ് കേസുകളുടെ ശരാശരി വർദ്ധനവ് ദിനംപ്രതി പത്തു ശതമാനത്തിലേറെയായി വരുന്നതും യു.കെയിലെ പുതിയ കോവിഡ് പശ്ചാത്തലവുംകൂടി കണക്കിലെടുത്ത് ലെവൽ 5 ഏർപ്പെടുത്തുവാൻ സർക്കാർ ഒരുങ്ങുകയാണ്.



മുന്പുണ്ടായിരുന്നതുപോലെ തന്നെ കല്യാണങ്ങൾക്കും, സംസ്കാര ചടങ്ങുകൾക്കുമുള്ള ചെറിയ ഒത്തുചേരലുകൾ ഒഴിച്ച് ബാക്കി എല്ലാ കൂടിച്ചേരലുകളും നിരോധിക്കും. എന്നാൽ ഡിസംബർ 31  വരെ ചില ഇളവുകൾ നൽകിയിട്ടുണ്ട്. സെന്റ് സ്റ്റീഫൻസ് ഡേ വരെ, മറ്റ് രണ്ട് വീടുകളിൽ നിന്നുള്ളവർക്ക് ഭവനസന്ദർശനങ്ങൾ അനുവദിക്കും. ഗാർഹിക സന്ദർശനങ്ങൾ ഡിസംബർ 27 മുതൽ മറ്റൊരു കുടുംബം മാത്രമായി കുറയ്ക്കും. ഡിസംബർ 25 വരെയുള്ള എല്ലാ മത ചടങ്ങുകൾക്കും തടസ്സമില്ല. എന്നാൽ ഡിസംബർ 26  മുതൽ എല്ലാ മത ചടങ്ങുകളും ഓൺലൈനിലേക്ക് മാറണം.

വിവാഹങ്ങൾക്ക് ജനുവരി 2  വരെ 25 അതിഥികൾക്ക് പങ്കെടുക്കാം. എന്നാൽ അതിനു ശേഷം 6 പേരെ മാത്രമേ അനുവദിക്കൂ. റെസ്റ്റോറന്റുകളും ഭക്ഷണം വിളമ്പുന്ന പബ്ബുകളും എല്ലാം ഡിസംബർ 24  ന്  അടക്കണം. ബാർബർ ഷോപ്പുകൾക്കും പ്രവർത്തനാനുമതി ഇല്ല.



കോവിഡ് തീവ്രമായി പടരുന്ന യു.കെയിൽ നിന്നും മുപ്പതിനായിരം പേരാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ അയർലണ്ടിൽ മടങ്ങിയെത്തിയത്. ഡിസംബർ 31  വരെ ബ്രിട്ടനുമായുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും.

Kerala Globe News


Share this