മജു വർഗ്ഗീസ് – അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ പേര്. അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിൽ ഉന്നത സ്ഥാനം വഹിക്കുന്ന മലയാളി. വൈറ്റ് ഹൗസിലെ നിർണായക കേന്ദ്രമായ വൈറ്റ് ഹൗസ് മിലിട്ടറി ഓഫിസിന്റെ ചുമതലക്കാരനായി മജു വർഗീസ് സ്ഥാനമേൽക്കുമ്പോൾ ലോകത്തിലെ എല്ലാ മലയാളികൾക്കും ഇത് അഭിമാന നിമിഷം. പ്രസിഡന്റ് ജോ ബൈഡന്റെ ഡപ്യൂട്ടി അസിസ്റ്റന്റ്, മിലിട്ടറി ഓഫീസ് ഡയറക്ടർ എന്നീ ഇരട്ട പദവികളാണ് മജു വർഗീസ് വഹിക്കുന്നത്. വൈറ്റ് ഹൗസ് ഓഫീസിലെ ഒരു നിർണായക വകുപ്പാണ് വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് (WHMO). ഭക്ഷ്യ സേവനം, പ്രസിഡൻഷ്യൽ ഗതാഗതം, മെഡിക്കൽ സഹായം, അടിയന്തിര മെഡിക്കൽ സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈറ്റ് ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് സൈനിക സഹായം നൽകുന്ന ഒരു വകുപ്പാണ് ഇത്.
ഇത് കൂടാതെ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലെ എല്ലാ സൈനിക പ്രവർത്തനങ്ങൾക്കും ഡബ്ല്യുഎച്ച്എംഒ ഡയറക്ടർ മേൽനോട്ടം വഹിക്കുന്നു. വർഷങ്ങളായി വൈറ്റ് ഹൗസ്സുമായി ബന്ധപ്പെട്ട് നിർണായക പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് മജു വർഗ്ഗീസ്. ജനുവരി 20 ന് പ്രസിഡന്റ് ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിച്ച പ്രസിഡൻഷ്യൽ ഉദ്ഘാടന സമിതിയിലെ നാല് അംഗങ്ങളിൽ ഒരാളായിരുന്നു മജു വർഗ്ഗീസ്. ഇതിനു മുൻപ് പ്രൈമറി ഇലക്ഷനിൽ ബൈഡൻ- കമലാ സഖ്യത്തിന്റെ ഇലക്ഷൻ ക്യാമ്പയിൻ ചുമതലയും വഹിച്ചിട്ടുണ്ട്. മുൻപ് ഒബാമ ഗവൺമെന്റിലും വിവിധ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് മജു വർഗ്ഗീസ്.
മജു വർഗീസിന്റെ മാതാപിതാക്കളായ സരോജയും മാത്യുവും 1970 കളിൽ കേരളത്തിലെ തിരുവല്ലയിൽ നിന്ന് ന്യൂയോർക്കിലേക്ക് കുടിയേറിയ പ്രവാസികളായിരുന്നു. ഇന്ത്യൻ എയർഫോഴ്സിൽ നഴ്സായിരുന്ന സരോജയാണ് അമേരിക്കയിൽ ആദ്യമെത്തിയത്. ലോംഗ് ഐലന്റ് ജൂത ഹോസ്പിറ്റലിലും കൊളംബിയ യൂണിവേഴ്സിറ്റി പ്രെസ്ബൈറ്റീരിയൻ ഹോസ്പിറ്റലിലും നഴ്സായി ജോലി ആരംഭിച്ചു. ഇതിനിടയിൽ ഭർത്താവ് മാത്യുവും അന്ന് ആറ് വയസ്സുണ്ടായിരുന്ന മൂത്ത മകൾ മഞ്ജുവും അമേരിക്കയിൽ എത്തി. അമേരിക്കയിൽ വെച്ചായിരുന്നു മജുവിന്റെ ജനനം. തുടക്കത്തിൽ ഏറെ കഷ്ടപ്പെട്ട സരോജയും മാത്യുവും രാപകലില്ലാതെ ജോലി ചെയ്തു. സ്വന്തമായി ടാക്സി ഓടിച്ചും, സെക്യൂരിറ്റി ജോലി ചെയ്തുമാണ് മാത്യു തന്റെ ജീവിതം മുൻപോട്ട് കൊണ്ടുപോയത്. അച്ഛന്റെ ജോലി ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് മജു തന്നെ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കയിൽ രാത്രികാലങ്ങളിൽ ടാക്സി ഓടിക്കുന്നത് അത്രക്ക് വലിയ വെല്ലുവിളിയായിരുന്നു. അമ്മയായ സരോജയും ഓവർടൈം ജോലിയൊക്കെ ചെയ്താണ് ജീവിതം മുൻപോട്ട് നയിച്ചത്. ഇംഗ്ലീഷ് നന്നായി സംസാരിക്കുവാൻ അറിയാതിരുന്ന സഹോദരി മഞ്ജുവിനും ആദ്യകാലം കഷ്ടതകളുടേതായിരുന്നു. എന്നാൽ അക്കാലത്ത് അവിടെയുണ്ടായിരുന്ന മലയാളി സമൂഹത്തിന്റെ വലിയ പിന്തുണയും സഹായവും തങ്ങൾക്ക് ലഭിച്ചു എന്ന് മജു വെളിപ്പെടുത്തുന്നു. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുകയും മറ്റ് മലയാളികളുമായി സംവദിക്കുകയും ചെയ്യുന്നത് മനോഹരമായ അനുഭമായിരുന്നുവെന്ന് മജു പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് മജുവിന് തന്റെ അച്ഛനെ നഷ്ടപ്പെടുന്നത്.
അമേരിക്കയിലെ ജീവിതവും മലയാളികളുമൊത്തുള്ള ഇടപഴകലും തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്ന് മജു അഭിമാനത്തോടെ പറയുന്നു. രാഷ്ട്രമീമാംസയിലും, സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമുള്ള മജു വർഗ്ഗീസ് അമേരിക്കയിൽ വിവിധ സ്ഥാനങ്ങളിൽ ജോലി നിർവഹിച്ചിട്ടുണ്ട്. 2019 ലാണ് ബൈഡൻ ടീമിലേക്ക് എത്തുന്നത്. അമേരിക്കക്കാരിയായ ജൂലിയാണ് മജുവിന്റെ ഭാര്യ. ഇവർക്ക് പതിനാലു വയസ്സുള്ള ഒരു മകനുണ്ട്.
Kerala Globe News
കൂടുതൽ വാർത്തകൾക്കായി ഈ പേജ് ലൈക്ക് ചെയ്യൂ.
https://www.facebook.com/keralaglobe