ക്രിക്കറ്റിൽ ഇതിഹാസം രചിച്ച് വിരമിക്കുന്ന MS ധോണി എന്ന അതുല്യ പ്രതിഭ

Share this

ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം വിരാട് കോഹ്ലിക്ക് മുൻപേ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയ താരമാണ് ധോണി. ഇന്ത്യൻ ക്രിക്കറ്റിലേക്കു, ക്രിക്കറ്റ് പെരുമ ഇല്ലാത്ത ജാർഖണ്ടിൽ നിന്ന് വന്നു രാജാവായവൻ. ഞാൻ ക്രിക്കറ്റ് കണ്ടു തുടങ്ങുന്നത് 1999 ഇൽ ആണ്. അന്ന് ഇന്ത്യയുടെ കീപ്പർ നയൻ മോങ്ങിയ ആയിരുന്നു. അയാൾ ഒരു സ്പെഷ്യലിസ്റ് കീപ്പർ മാത്രം ആയിരുന്നു. ബാറ്റിങ്ങിൽ വല്ലപ്പോഴും എന്തെങ്കിലും ഒക്കെ ചെയ്താൽ ആയി. 2003 WCUP ഇൽ ആണ് ഞാൻ സീരിയസ് ആയി ക്രിക്കറ്റ് കാണാൻ ആരംഭിക്കുന്നത്. അന്ന് ദാദയുടെ നിർബന്ധം കാരണം പാർട്ട് ടൈം കീപ്പർ ആയ ദ്രാവിഡിന് കീപ്പ് ചെയ്യേണ്ടി വന്നു. ബാറ്റിംഗ് കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അത്.എന്നാൽ വേൾഡ് കപ്പ് കഴിഞ്ഞപ്പോൾ ദ്രാവിഡ് ആ കുപ്പായം അങ്ങ് ഊരി വെച്ചു.പിന്നീട് പല കീപ്പർ മാർ ടീമിൽ വന്നു പോയ്. അജയ് രാത്ര, ദീപ് ദാസ് ഗുപ്ത, സമീർ ഡികെ ഇങ്ങനെ പോകുന്നു ആ നിര. പിന്നീട് 18 കാരൻ പാർഥിവ് പട്ടേൽ വന്നു. രഞ്ജിയിൽ സെമിയിലും ഫൈനലിലും സെഞ്ചുറി നേടി 19 കാരൻ ദിനേശ് കാർത്തിക് വന്നു.എന്നാൽ ആർക്കും ടീമിൽ സ്ഥിര സാന്നിദ്ധ്യം ആകാൻ കഴിഞ്ഞില്ല. അന്ന് ഞാൻ ഓർക്കുമായിരുന്നു, ഓസ്ട്രേലിക്കു ഗിൽക്രിസ്റ് ഉണ്ട്, സൗത്ത് ആഫ്രിക്കക്ക് ബൗച്ചർ ഉണ്ട്, ഇംഗ്ലണ്ടിന് സ്റ്റുവർട്ട് ഉണ്ട്, ശ്രിലങ്കക്കു ദാ ആ കല്ലു വിതരണ പോയപ്പോൾ സംഗക്കാര വന്നു.ഇന്ത്യക്കു മാത്രം ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പർ അന്യം.



അങ്ങനെ എന്റെ ക്രിക്കറ്റ് പ്രേമം കൂടി വരുമ്പോൾ ആണ് വീട്ടിൽ കേബിൾ ടീവി വരുന്നത്. ചേട്ടനും എനിക്കും ക്രിക്കറ്റ് കാണാൻ അങ്ങനെ ഇ.എസ്പി.എൻ, സ്റ്റാർ സ്പോർട്സ് ചാനലുകൾ കൂടി ആയി. അന്ന് ഇന്ത്യയുടെ എ ടീമിന്റെ പരമ്പരകൾ ഒക്കെ കാണിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം പള്ളിക്കൂടം വിട്ടു വീട്ടിൽ എത്തി, സ്റ്റാർ സ്പോർട്സ് ഇട്ടപ്പോൾ ആണ് ഇന്ത്യ എ യും പാക്കിസ്ഥാൻ എ യും തമ്മിലെ മാച്ച് നടക്കുന്നു.ഗൗതം ഗംഭീറും പിന്നെ ഒരു മുടി ഒക്കെ കളർ ചെയ്തു നീണ്ട മുടി ഒക്കെ ആയി ഒരുത്തനും കൂടി പാക്കിസ്ഥാൻ ബൗളേഴ്സിനെ പഞ്ഞിക്കു ഇടുന്നു. അന്നാണ് ആദ്യമായി ധോണിയുടെ കളി കാണുന്നത്. ആ കളിയിൽ 80 ബൗളിലോ മറ്റോ ധോണി സെഞ്ച്വറി അടിച്ചു. കെനിയ എയും ഉൾപ്പെടുന്ന ഒരു ത്രിരാഷ്ട്ര പരമ്പര ആയിരുന്നു അത്. ആ പരമ്പരയിൽ ധോണി പിന്നെയും ഒന്നു ഡൌൺ ആയി ഇറങ്ങി സംഹാര താണ്ഡവം നടത്തി.

അന്ന് നീളൻ മുടിയുള്ള സ്റ്റൈലൻ കളിക്കാരെ ഒക്കെ ഇഷ്ടം ആയിരുന്നു. പാക്കിസ്ഥാൻ , ഓസ്ട്രേലിയൻ ടീമുകളിൽ ആണ് നീണ്ട മുടി ഒക്കെ ആയി ചില താരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ എല്ലാരും പക്കയായി മുടി ഒക്കെ വെട്ടി ക്ലീൻ ഷേവ് ലുക്ക് ആയിരുന്നു. അല്ല ഈ നീണ്ട മുടിക്കാരൻ എപ്പോഴാ ടീമിൽ വരിക എന്ന് ഞാൻ ചിന്തിച്ചിരുന്നു. കാത്തിരിപ്പിനു അധികം നീളം ഉണ്ടായില്ല. ബാറ്റ് ചെയുന്ന വിക്കറ്റ് കീപ്പേഴ്സിനെ തേടി നടന്ന ദാദ (ഗാംഗുലി), ദാദയുടെ യുവ പടയിലേക്കു , യുവിക്കും കൈഫിനും, സഹീറിനും, നെഹ്റക്കും, വീരുവിനും ഒക്കെ ഒപ്പം ധോണിയേം കൂട്ടി. ധോണിയുടെ ആദ്യ ഏകദിന പരമ്പര ബംഗ്ലാദേശിൽ ആയിരുന്നു. അന്നും സ്കൂൾ വിട്ടു ഓടി വീട്ടിൽ കളി കാണാൻ എത്തി.നിരാശ ആയിരുന്നു ഫലം. ധോണി ഡക്ക് ആയി. ആ പരമ്പരയിൽ കാര്യമായി ഒന്നും ചെയ്യാൻ ധോണിക്ക് ആയില്ല. നമ്പർ 7 ആയി ആണ് ധോണി ഇറങ്ങിയത്. യുവാക്കളെ എന്നും ഉയർത്തിട്ടുള ദാദ അന്ന് പറഞ്ഞു. ധോണി ടോപ്പ് ഓർഡറിൽ ആണ്, ജൂനിയർ ടീമിൽ കളിക്കുന്നത്, അടുത്ത പരമ്പരയിൽ ഇയാളെ ടോപ്പ് ഓഡറിൽ കളിപ്പിക്കാൻ ശ്രമിക്കും. ദാദ തൻ്റെ വാക്ക് പാലിച്ചു. അടുത്ത പരമ്പരയിൽ പാക്കിസ്ഥാൻ ഇന്ത്യൻ പര്യടനത്തിനായി എത്തിയപ്പോൾ, ധോണിയെ നമ്പർ ത്രീ ആക്കി. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ധോണി നേടിയത് 148.



ഒരു മഹാ താരത്തിന് അവിടെ ഉദയം കുറിച്ച്. അന്ന് സ്പോർട്സ് പേജിലൊക്കെ ധോണി മയം ആയിരുന്നു. ധോണി കുടിക്കുന്ന പാലിന്റെ ഒക്കെ കണക്കു പറഞ്ഞു പല വാർത്ത ഒക്കെ വന്നിരുന്നു. പിന്നീട് ശ്രീലങ്ക ഇന്ത്യയിൽ പര്യടനത്തിന് വന്നു, വീണ്ടും തൻ്റെ ഇഷ്ട നമ്പർ ആയ മൂന്നാം നമ്പർ പൊസിഷനിൽ ധോണി ഒരു അപാര പ്രകടനം നടത്തി. ഇത്തവണ അത് 183 നോട്ട് ഔട്ട്. ഏകദിനകളിലെ ഈ പ്രകടനങ്ങൾ ധോണിക്ക് ടെസ്റ്റ് ടീമിൽ ദിനേശ് കാർത്തിക്കിന് പകരമായി ഇടം നേടി കൊടുത്തു.പിന്നീട് ധോണിയുടെ വളർച്ച വളരെ പെട്ടന്ന് ആയിരുന്നു. ഇന്ത്യയിൽ സച്ചിന് പിന്നിൽ ആയി ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള താരമായി ധോണി മാറി.

ധോണിയുടെ ക്രിക്കറ്റ് insights തിരിച്ചു അറിഞ്ഞ സച്ചിൻ ആണ് അയാളെ വൈസ് ക്യാപ്റ്റൻ ആയി നോമിനേറ്റ് ചെയ്യുന്നത്. അങ്ങനെ ടീമിൽ വന്നു രണ്ടു വർഷങ്ങൾക്കിപ്പുറം ധോണി ദ്രാവിഡിന്റെ ഡെപ്യൂട്ടി ആയി ഇംഗ്ലണ്ടിലുള്ള ഏകദിന പരമ്പരയിൽ. അങ്ങനെ ഇരിക്കുമ്പോൾ ആണ് T20 യുടെ കടന്നു വരവ്. പരമ്പരാഗത ക്രിക്കറ്റ് വേർഷനുകൾക്കു തിരിച്ചടി വരും എന്ന് പറഞ്ഞു ബിസിസിഐ അതിനോട് മുഖം തിരിച്ചു (ഇന്ന് അവർ തന്നെ അതിൽ നിന്ന് ഏറ്റവും കൂടുതൽ പണം നേടുന്നു എന്നത് മറ്റൊരു വസ്തുത). അപ്പോഴാണ് ഐസിസി T20 വേൾഡ് കപ്പിന് തുടക്കം കുറിക്കുന്നത്. അങ്ങനെ ബിസിസിഐ ക്കു നയം മാറ്റേണ്ടി വരുന്നു. എന്നാലും കുട്ടി കളിയെ സീരിയസ് ആയി സമീപിക്കാൻ തയ്യാറാരുന്നില്ല.



വേൾഡ് കപ്പിന് സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിച്ചു, ഒരു യുവ ടീമിനെ സൗത്ത് ആഫ്രിക്കക്ക് വിട്ടു. യുവ്രാജിനെയും വീരുവിനെയും മറി കടന്നു ക്യാപ്റ്റൻസി ധോണിക്ക് കൊടുത്തു. അന്ന് പലരും നെറ്റിചുളിച്ചു. വേൾഡ് കപ്പിൽ ഒരു സാധ്യതയും കല്പിച്ചിരുന്നില്ല ഇന്ത്യക്കു എന്നാൽ ധോണിയുടെ യുവ നിര കപ്പു അടിച്ചു നാട്ടിലേക്കു വണ്ടി കയറി. അവിടെ ഉദയം കുറിച്ചത് ധോണി എന്ന ക്യാപ്റ്റൻ കൂളിനും ഒപ്പം പണം കായിക്കുന്ന ipl നും.കുട്ടി കളിയുടെ സാധ്യത തിരിച്ചു അറിഞ്ഞ ബിസിസിഐ അന്ന് IPL നെ സൃഷ്ട്ടിച്ചു. കാലക്രമേണ ദ്രാവിഡിന് പിന്നിൽ ആയി ഏകദിനത്തിലും , കുംബ്ലെ ക്കു പിൻഗാമി ആയി ടെസ്റ്റിലും ധോണി ക്യാപ്റ്റൻ ആയി. അന്ന് ബിസിസിഐ യുടെ പ്രസിഡന്റ് ആയ ശ്രീനിവാസന്റെ ഉടമസ്ഥയിൽ ഉള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ ആയതോടു കൂടി ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത താരമായി വളർന്നു.

ടെസ്റ്റിൽ നമ്പർ ഒന്ന്, 2011 വേൾഡ് കപ്പ്, 2013 ചാമ്പിയൻസ് ട്രോഫി കിരീടം,IPL ട്രോഫികൾ ഇവയെല്ലാം നേടി ഏതൊരു ക്യാപ്റ്റനും നേടാൻ ആഗ്രഹിക്കുന്ന ട്രോഫികൾ നേടി ധോണി അജയ്യനായി തുടർന്ന്. ഫീൽഡിങ്ങിൽ എല്ലാരും ഫിറ്റ് ആയിരിക്കണം എന്നത് ധോണി മുന്നോട്ടു വെച്ച ഒരു ആശയമാണ്.ആരെയും ഫീൽഡിൽ ഒളിപ്പിച്ചു നിർത്താൻ സാധിക്കില്ല. 2012 ഓസ്ട്രെലിയൻ പരമ്പരയിൽ ധോണി പരസ്യമായി ഒരു നിലപാട് എടുത്തു. സാക്ഷാൽ സച്ചിനെയും, വീരുവിനെയും, വേൾഡ് കപ്പ് ഹീറോ ഗംഭീറിനെയും ഒരുമിച്ചു ടീമിൽ കളിപ്പിക്കാൻ കഴിയില്ല. അവർ ഫീൽഡിഗ്ഗിൽ സ്ലോ ആണ്. ഒരു പക്ഷെ ധോണിക്ക് അന്ന് മുതൽ ആകും ധോണി ഹേറ്റേഴ്സ് ഉണ്ടായി തുടങ്ങുന്നത്. ടീമിനാണ് കൂടുതൽ സ്ഥാനം അല്ലാതെ വ്യക്തികൾക്ക് അല്ല എന്നൊരു രത്നചുരുക്കു അതിൽ ഉണ്ട്.



എന്നാൽ പ്രമുഖ താരങ്ങൾ ടീം വിട്ടതോടെ/അവരുടെ പ്രതാപ കാലം കഴിഞ്ഞതോടെ ധോണി എന്ന ക്യാപ്റ്റന് അടി പതറി. വിദേശത്തു തുടർച്ചയായി തോൽവി ടെസ്റ്റ് പരമ്പരകളിൽ നേടി. ഡിഫെൻസിവ് ക്യാപ്റ്റൻസിക്ക് ഒരുപാട് പഴി. 2014 ഓസ്ട്രലിയൻ ടെസ്റ്റ് പരമ്പരയുടെ ഇടക്ക് വെച്ച് അയാൾ സ്വന്തം വീട്ടുകാരോട് പോലും പറയാതെ മൂന്നാം ടെസ്റ്റിന് ശേഷം ഡ്രസിങ് റൂമിൽ വെച്ച് തൻ്റെ ക്യാപ്റ്റൻസി കുപ്പായം ഊരി വെച്ചു. 2016 ഇൽ ഏകദിന ക്യാപ്റ്റൻസിയും ഒഴിഞ്ഞു. എന്നാൽ കളിയെ കുറിച്ചുള്ള, മത്സര സാഹചര്യങ്ങൾ മനസിലാക്കാൻ ഉള്ള അസാമാന്യ കഴിവ് അയാളെ ടീമിലെ നിർഭാജ്യ ഘടകമായി നിർത്തി. എന്നാൽ 2017 നു ശേഷം ധോണിക്ക് ഫോം നഷ്ടപ്പെട്ടു. ലോകത്തിലെഏറ്റവും മികച്ച ഫിനിഷ്ചെർക്കു മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ കഴിയാതെ വന്നു. കഴിഞ്ഞ രണ്ടു വര്ഷം അയാൾ ഇരുപതു പന്ത് നേരിട്ട ഏകദിന മാച്ചുകൾ എല്ലാം ഇന്ത്യ തോറ്റു (റഫറൻസ്:Cricbuzz ).

2018 ഇൽ ഒരു ഫിഫ്റ്റി പോലും നേടാൻ അയാൾക്ക് ആയില്ല. careerinte ഏറ്റവും ലോ പോയിന്റിൽ നിൽക്കുമ്പോളും ഏകദദിന ടീമിൽ അയാൾ ഫീൽഡിൽ കോഹിലിക്കും/ രോഹിത്തിനും ആവശ്യനുസരണം ഉപദേശങ്ങൾ നൽകി,തൻ്റെ ഫാസ്റ്റ് സ്റ്റമ്പിങ്ങുകൾ ഒക്കെ ആയി ടീമിന്റെ അഭിഭാജ്യമായി തുടർന്നു. 2019 വേൾഡ് കപ്പ് മുന്നിൽനിൽക്കേ, ഇന്ത്യയുടെ വീക്ക് മധ്യ നിരയിൽ ധോണിയുടെ എക്സ്പീരിയൻസ് നിർണായകം ആണെന്ന് ടീം തിരിച്ചറിഞ്ഞിരുന്നു.. എന്നാൽ 2019 ഇൽ അയാൾ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വന്നു. ഓസ്ട്രേലിയയിലും, ന്യൂസില്ണ്ടിലും നടന്ന ഏകദിനങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ച MS IPL 2019 ഇൽ ഒരിക്കൽ കൂടി CSK യുടെ രക്ഷകനായി മാറി.



2019 വേൾഡ് കപ്പിൽ അയാൾക്കു പ്രതീക്ഷിച്ചതു പോലെ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അരങ്ങേറ്റ കളിയിലെ പോലെ തന്നെ അയാൾ അവസാന കളിയിലും run out ആയി. ഓരോ ക്രിക്കറ്റ് ആരാധകന്റെയും ഹൃദയം തകർത്തു 2019 വോൾഡ് കപ്പിൽ runout ആയി മടങ്ങിയപ്പോൾ അയാൾ മനസ്സിൽ കുറിച്ചിട്ടുണ്ടാകാം ഇത് നീലകുപ്പായത്തിൽ നിന്നുള്ള പടിയിറക്കമാണെന്നു. എന്നാൽ ഇന്ത്യൻ വിക്കറ്റ് കീപ്പിങ്ങിൽ ധോണിക്ക് മുൻപ് ധോണിക്ക് ശേഷം എന്ന വരികൾ കുറിച്ചാണ്അയാൾ പോവുക.

എഴുതിയത്:  ( ടിജോ ദേവസ്യാ)  TIJO  DEVASIA 


Share this