ഇന്ത്യക്കാര്‍ക്കിടയിലെ ജാതി വ്യവസ്ഥ, അമേരിക്കയില്‍ നിലനിന്നിരുന്ന അടിമത്ത സമ്പ്രദായം, അങ്ങനെ ലോകത്ത് പല സമൂഹത്തിലും കണ്ടുവരുന്ന ശ്രേണീകൃത വര്‍ഗ വ്യവസ്ഥയുടെ ആദ്യരൂപം 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മാനവസമൂഹത്തില്‍ നിലനിന്നിരിക്കാമെന്നു അയര്‍ലണ്ടില്‍ നടന്ന ഒരു പഠനം പറയുന്നു.
അയർലണ്ടിലെ മീത്ത് കൌണ്ടിയിലുള്ള ന്യൂഗ്രേഞ്ച് എന്ന ആർക്കിയോളജിക്കൽ സ്ഥലത്ത്നിന്നു ലഭിച്ച 5200ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങളുടെ പഠനം നടത്തിയതില്‍ നിന്നാണ് ശാസ്ത്രഞ്ജന്മാര്‍ ഈ നിഗമനത്തില്‍ എത്തി ചേര്‍ന്നത്. ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ ജനിതകശാസ്ത്രവിദഗ്ദരായ ലാറ കാസിഡി, ഡാനിയേല്‍ ബ്രാഡ്ലി എന്നിവരുടെ പഠനത്തിലാണ് ഈ കാര്യം വെളിവായത്.
ന്യൂഗ്രേഞ്ച് അയര്‍ലണ്ടില്‍ കണ്ടെത്തിയ ഏറ്റവും പ്രാചീനമായ ശവസംസ്കാരകേന്ദ്രമാണ്. ഉദ്ദേശം 3200ബിസിയില്‍ ആവാം ന്യൂഗ്രേഞ്ച് ഏറ്റവും പ്രാമുഖ്യം നേടിയിരുന്നത് എന്ന് കരുതപ്പെടുന്നു. ഈ കാലത്ത് തന്നെ സംസ്കരിച്ച ഒരു മനുഷ്യന്‍റെ ഡിഎന്‍എ പരിശോധിച്ചതില്‍ നിന്നാണ് സോഷ്യല്‍ ക്ലാസ്, വര്‍ഗ്ഗ സങ്കല്പങ്ങളെയും സമൂഹങ്ങള്‍ക്കുള്ളിലെ ഹയരാര്‍ക്കികളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുന്ന പഠനഫലങ്ങള്‍ ഉണ്ടായിരിക്കുന്നത്.
പഠനപ്രകാരം, ന്യൂഗ്രേഞ്ച്മനുഷ്യന്‍റെ മാതാപിതാക്കള്‍ ജനിതകമായി വളരെ അടുപ്പമുള്ളവരാണെന്ന കണ്ടെത്തല്‍ ആണ് ലഭിച്ചത്. സഹോദരന്‍-സഹോദരി, അല്ലെങ്കില്‍ മാതാവ്-മകന്‍ എന്നിവര്‍ തമ്മില്‍ ഉള്ള സംയോഗത്തില്‍ നിന്നാണ് ഈ മനുഷ്യന്‍ ജനിച്ചിരിക്കുന്നത്. വളരെ അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ദാമ്പത്യം മനുഷ്യ സമൂഹത്തില്‍ എല്ലാക്കാലത്തും വിലക്കപ്പെട്ടിരുന്നു എന്ന ഒരു അറിവ് ശാസ്ത്ര സമൂഹത്തിനു വളരെ നേരത്തെ തന്നെ ലഭിച്ചിട്ടുള്ളതാണ്. എന്നാല്‍ പ്രഭുജാതകുടുംബങ്ങളിലും അത് പോലെ സമൂഹത്തിന്‍റെ ഏറ്റവും ഉന്നത തട്ടില്‍ നില്‍ക്കുന്ന രാജകുടുംബങ്ങളിലും അടുപ്പക്കാര്‍ തമ്മിലുള്ള വിവാഹം ചരിത്രാതീതകാലം മുതല്‍ തന്നെ സമൂഹം അംഗീകരിച്ചിരുന്നു എന്നും മുന്‍കാല പഠനങ്ങള്‍ ഉണ്ട്. ഈ പഠനങ്ങളുടെ വെളിച്ചത്തിലാണ് ന്യൂഗ്രേഞ്ച് മനുഷ്യന്‍ ഒരു ഉയര്‍ന്ന ക്ലാസില്‍ പെട്ട ആള്‍ ആയിരിക്കാമെന്ന നിഗമനം ശാസ്ത്രജ്ഞര്‍ പങ്കു വെയ്ക്കുന്നത്.
ഈ വര്‍ഷം ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച നേച്ചര്‍ മാഗസിനിലാണ് പഠനഫലങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.