ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ പുതുക്കലുമായി ബന്ധപ്പെട്ട് പ്രവാസികളായ ഇന്ത്യൻ വംശജരെ വട്ടം കറക്കികൊണ്ടിരുന്ന കേന്ദ്ര സർക്കാരിന് ഒടുവിൽ ബോധോദയം. 20 വയസ്സിന് താഴെയുള്ളവരുടെ വിദേശ പാസ്സ്പോർട്ടുകൾ പുതുക്കുന്നതിനനുസരിച്ച് ഓ.സി.ഐ കാർഡും പുതുക്കണം എന്ന നിബന്ധനയാണ് പുതിയ വിജ്ഞാപനത്തോടെ ഇല്ലാതാകുന്നത്. അതോടൊപ്പം 50 വയസ്സ് പൂർത്തിയാകുന്നതിനനുസരിച്ച് ഒരുതവണ ഓ.സി.ഐ കാർഡ് പുതുക്കുകയും വേണമായിരുന്നു. എന്നാൽ ഇതും പുതിയ വിജ്ഞാപനത്തോടെ ഇല്ലാതാകും. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം.
20 വയസ് പൂർത്തിയായ ഒസിഐ കാർഡ് രജിസ്ട്രേഷൻ നേടിയ ഒരാൾക്ക്, 20 വയസ്സിന് മുൻപ് പാസ്സ്‌പോർട്ട് പുതുക്കിയിട്ടുണ്ടെങ്കിൽ ഒസിഐ കാർഡ് വീണ്ടും ഒരു തവണകൂടി ഇഷ്യു ചെയ്യണം എന്നാണ് പുതിയ നിബന്ധന. 20 വയസ്സിന് ശേഷമാണ് പാസ്സ്‌പോർട്ട് പുതുക്കിയതെങ്കിൽ പുതിയ പാസ്‌പോർട്ടിന്റെ കോപ്പിയും പുതിയ ഫോട്ടോയും വെബ് പോർട്ടലിലേക്ക് നൽകിയാൽ മതിയാകും. ഒസിഐ കാർഡ് ഹോൾഡർ നേടിയ പുതിയ പാസ്‌പോർട്ടിനെ കുറിച്ചുള്ള ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, ഓരോ തവണയും ഫോട്ടോ അടങ്ങിയ പുതിയ പാസ്‌പോർട്ടിന്റെ ഒരു പകർപ്പും, ഏറ്റവും പുതിയ ഫോട്ടോയും ഓൺലൈൻ ഒ.സി.ഐ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യണം. പുതിയ പാസ്‌പോർട്ട് ലഭിച്ച് 3 മാസത്തിനുള്ളിൽ ഈ രേഖകൾ ഒസിഐ കാർഡ് ഉടമയ്ക്ക് അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്ത് ശേഷം ഒരു കൺഫർമേഷൻ ഇമെയിൽ അപേക്ഷകന്റെ ഇമെയിലിലേയ്ക്ക് ലഭിക്കും.
ഒസിഐ കാർഡ് ഉടമകളുടെ ഭാര്യയോ ഭർത്താവോ വിദേശികൾ ആണെങ്കിൽ ഇവർ പാസ്പോർട്ടും ഫോട്ടോയും അപ്ലോഡ് ചെയ്യുന്നതിനൊപ്പം ഇവരുടെ വിവാഹം ഇപ്പോഴും നിലനിൽക്കുന്നു എന്നു ബോധ്യപ്പെടുത്തുന്ന ഒരു സത്യവാങ്മൂലം സമർപ്പിക്കണം.
പുതിയ തീരുമാനത്തോടെ ചെറുപ്പത്തിൽ തന്നെ വിദേശ പാസ്പോർട്ട് ഉടമകളാകുന്ന ഇന്ത്യൻ വംശജർക്ക് 20 വയസ്സെത്തുമ്പോൾ ഒറ്റ പുതുക്കൽ മാത്രം മതിയാകും. പിന്നീട് വരുന്ന പാസ്പോർട്ട് മാറ്റങ്ങൾ രേഖാമൂലം ഓൺലൈനിലൂടെ അറിയിച്ചാൽ മാത്രം മതി. ഓ.സി.ഐ കാർഡ് പുതുക്കുന്നതിനുള്ള സമയം ഈ വർഷം അവസാനം വരെ നൽകിയിട്ടുണ്ട്. അതിനു ശേഷമായിരിക്കും പുതിയ വിജ്ഞാപനം പ്രാബല്യത്തിൽ വരിക.
എന്നാൽ ഇതൊനൊന്നും മെനക്കെടാതെ എക്‌സ്പയർ ആയ പഴയ പാസ്സ്പോർട്ടുകൾ പുതിയ പാസ്പോർട്ടിനോടുകൂടി കൈയ്യിൽ സൂക്ഷിച്ച് നിലവിലുള്ള ഓ.സി.ഐ. കാർഡുപയോഗിച്ച് യാത്ര ചെയ്യാം എന്നുള്ളതും ആർക്കും നിഷേധിക്കുവാനാകില്ല.
ഇനിയും ഇത്തരത്തിൽ വിജ്ഞാപനങ്ങൾ മാറിമറിയുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. ഇതുവരെ 37.72 ലക്ഷം ഒസിഐ കാർഡുകൾ ഇന്ത്യൻ സർക്കാർ നൽകിയിട്ടുണ്ട്.
Kerala Globe News