എമ്മാവുസിന്റെ ഊഷ്മളതയിലേക്ക് യാത്ര പോകുമ്പോൾ

Share this

എമ്മാവുസ് എന്നാൽ ‘ഊഷ്മള വസന്തം’ എന്നാണ് അർത്ഥം. ജെറുസലേമിൽ നിന്നും 11 കിലോമീറ്റർ അകലെയായുള്ള ഒരു സ്ഥലം. ശാബതം കഴിഞ്ഞു തീർന്ന അതിരാവിലെ തന്നെ അവൾ തിടുക്കത്തിൽ അവനെ അടക്കിയ ഗുഹയിലേക്ക് വച്ചുപിടിച്ചു. എന്തായിരിക്കാം കാലുഷിതമായ രാഷ്ട്രീയ – സാമൂഹിക സാഹചര്യത്തിൽ പോലും പൂർവാദ്ധികം ധൈര്യത്തോടെ ഇങ്ങനെ ചെയ്യാൻ അവളെ പ്രേരിപ്പിച്ചത്? ശിഷ്യഗണത്തിൽ പ്രമുഖനും സ്വതവേ എടുത്തുചാട്ടക്കാരനുമായ പത്രോസിന് ചെയ്യാമായിരുന്നല്ലോ ഇത്! അല്ലെങ്കിൽ ഗുരുവിന്റെ മാറിന്റെ ചൂടും വേവലാതികളും അന്ത്യത്താഴ സമയത്ത് നിർലോഭം പകർന്നെടുത്ത യോഹന്നാനും ആകാമായിരുന്നു ഇത്. എന്ത് കൊണ്ട് അവൾ??? പെണ്ണിന്റെ ഏതും എന്തും അറിയാനുള്ള കേവലം ജിജ്ഞാസയായി ഇതെഴുതി തള്ളാനാവില്ല. (ഇടങ്ങയി അരിയിൽ ഉടയവരെ ഊട്ടി ഒഴിഞ്ഞ വയറുമായി തളർന്നുറങ്ങുന്ന അമ്മയുടെ ചിത്രം ഉള്ളവർക്കറിയാം അവളുടെ ശക്തി). അവനെ കുരിശോളം അനുഗമിച്ചവൾക്ക് നൂറോളം കാരണങ്ങൾ ഉണ്ടാകും; തീർച്ച.

ഭയന്നിരിക്കുന്ന അവരുടെ ഇടയിലേക്കാണ് അവൾ ആ സദ്വാർത്തയുമായി വരുന്നത് : അവൻ ഉയർത്തേഴുന്നേറ്റിരിക്കുന്നു!!! സ്വതവേ നിമിഷോൽസുകനാകുന്ന പത്രോസ് തെല്ലും അമാന്തിച്ചില്ല കല്ലറയിലേക്ക് ഓടാൻ. പത്രോസിന്റെ പ്രവർത്തിയിൽ ആശ്ചര്യം വേണ്ട; കാരണം അയ്യാൾ അങ്ങനെ ആയിരുന്നു: കാറ്റത്തെ ഞങ്ങണ പോലെ!
എന്നെ വിസ്മയിപ്പിക്കുന്നത് അവരാണ് ; അവൻ ഉയർത്തെയുന്നേറ്റ് എന്ന് കേട്ടിട്ടും ഇമ്മാവുസിന്റെ ഊഷ്‌മള വസന്തത്തിലേക്ക് പോകാൻ കൂട്ടാക്കിയവർ! എന്തായിരുന്നിരിക്കാം അവരുടെ മനസ്സിൽ? ഒരുപക്ഷേ അവൾ പറഞ്ഞത് അവർ വിശ്വസിച്ചിരുന്നിരിക്കില്ല; വേശ്യായായ ഒരു സ്ത്രീയുടെ ഭ്രാന്തായി മാത്രം അതിനെ കണ്ടിരിക്കാം. അത് കൊണ്ടാണലോ വഴിക്കിടയിൽ തങ്ങളോടൊപ്പം കൂടിയ ഉദ്ധിതൻ അവർക്ക് അപരിചിതൻ ആയിത്തന്നെ തോന്നിയത്. സുവിശേഷകൻ തന്നെ അവരുടെ കണ്ണിലെ ഇരുട്ടായി അതിനെ സൂചിപ്പിക്കുന്നു. കണ്ണിലെ ഇരുട്ട് തെളിവാർന്ന നിരാശയായി പുറത്ത്‌ വന്നു : ഞങ്ങൾ വിചാരിച്ചിരുന്നത് അവൻ നമ്മെ രക്ഷിക്കുമെന്നായിരുന്നു.

നിരാശയുടെ ചെറുതോണിയിലാണ് യാത്രയെങ്കിലും യാത്രയുടെ അവസാനം അപരിചിതനെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ അവർ മറന്നില്ല. തീന്മേശയിൽ വെളിപ്പെട്ട് കിട്ടുന്ന ചില സത്യങ്ങൾക്ക് ജീവനോളം വിലയുണ്ട്: ഇരുളകലുന്നു; അവർ അവനെ വിളിക്കുന്നു : ‘ഗുരുവേ’… അജ്ഞതയുടെ ഇരുളകറ്റുന്നവനാണല്ലോ ഗുരു.
മിക്കപ്പോഴും നമ്മളുമൊക്കെ യാത്രകളിലാണ്… വിശ്വാസത്തിന്റെ വെളിച്ചത്തിൽ നിന്നകന്ന്; നിരാശയുടെ റാന്തലുമേന്തി മറ്റ് വസന്തങ്ങളുടെ ഊഷ്മളതകൾ തേടി. വഴിമദ്ധ്യേ ‘ഗുരു’ നമുക്കുടയിലേക്ക് കടന്നു വരട്ടെയെന്നു പ്രാർത്ഥിക്കാം.

പക്ഷേ മറക്കാതിരിക്കാം യാത്രയാവസാനിക്കുന്നതിന് മുൻപ് അവനെ ക്ഷണിക്കാൻ; തീന്മേശയിൽ അവനോടൊപ്പം ജീവന്റെ അപ്പം പങ്കിടാൻ. അപ്പോൾ വെളിപ്പെട്ട് കിട്ടുമല്ലോ അവൻ മരിച്ചെങ്കിലും ഉയർത്തെഴുന്നേറ്റവൻ ആണെന്ന്…

സ്നേഹത്തോടെ,
ഉയിർപ്പ് തിരുന്നാൾ ആശംസകൾ
സഞ്ചോ ( ഇറ്റലി )

Kerala Globe News

 


Share this