രണ്ട് ചിത്രങ്ങൾ മാത്രം ബാക്കിവെച്ച് ചൈനീസ് ട്വിറ്റർ ആയ വെയ്‌ബോയിലെ തൻ്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Share this

ചൈനീസ് സോഷ്യൽ മീഡിയയിലെ ട്വിറ്ററിന്റെ അപരനായ വെയ്‌ബോ ( WEIBO ) ചൈനയിലെ ഒരു ജനപ്രിയ ആപ്ലിക്കേഷൻ ആണ്. സ്വദേശീയമായ ആപ്ലിക്കേഷനുകൾ മാത്രം അനുവദിക്കുന്ന ചൈനയിൽ ഇന്ന് ലോകത്ത് പ്രചാരത്തിലുള്ള എല്ലാ സോഷ്യൽ മീഡിയ ആപ്പുകൾക്കും അപരന്മാരുണ്ട്. അതുകൊണ്ടു തന്നെ ചൈനയ്ക്ക് പുറത്തുള്ളവർക്ക് ചൈനീസ് ജനതയുമായി സംവദിക്കണമെങ്കിൽ ഈ ചൈനീസ് സ്വദേശീയ ആപ്പുകളിൽ അക്കൗണ്ട് തുടങ്ങാതെ മറ്റു മാർഗങ്ങളില്ല. അങ്ങനെയാണ് ഇന്ത്യൻ പ്രധാനമന്ത്രി തന്റെ ചൈനീസ് സന്ദർശനത്തിന് മുന്നോടിയായി 2015 ൽ വെയ്‌ബോയിൽ ഒരു അക്കൗണ്ട് തുടങ്ങിയത്. “Hello China! Looking forward to interacting with Chinese friends through Weibo” എന്ന് തന്റെ ആദ്യ പോസ്റ്റും അദ്ദേഹം കുറിച്ചു. വെയ്‌ബോയിലെ അവസാന പോസ്റ്റ് ഈ വർഷം ജനുവരി 25 ന് പരമ്പരാഗത ചൈനീസ് ചാന്ദ്ര പുതുവത്സരാശംസകൾ ആയിരുന്നു. വെയ്‌ബോയിൽ മോദിക്ക് 2.44 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.



എന്നാൽ ചൈനയുമായി ബന്ധം വഷളാവുകയും സൈനികർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും ചെയ്തതോടെ വെയ്‌ബോ അക്കൗണ്ട് ഡിലീറ്റ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. ടിക്‌ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ വെയ്‌ബോയിലെ അക്കൗണ്ടും ഡിലീറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം കമ്പനിയ്ക്ക് നൽകി. അക്കൗണ്ടിൽ ആകെ 115 പോസ്റ്റുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ രണ്ടെണ്ണം ഒഴിച്ച് ബാക്കിയെല്ലാം ഡിലീറ്റ് ചെയ്തു. ഈ രണ്ടെണ്ണം ചൈനീസ് പ്രസിഡണ്ട് ജിൻപിങുമൊത്തുള്ള ചിത്രങ്ങൾ അടങ്ങിയ പോസ്റ്റുകൾ ആയിരുന്നു.ചൈനയുടെ പ്രസിഡന്റ് ജിൻപിങുമൊത്തുള്ള മോദിയുടെ ഫോട്ടോകൾ, ചൈനയുടെ അംഗീകാരമില്ലാതെ നീക്കംചെയ്യാൻ കഴിയില്ലെന്ന് ഇന്ത്യൻ വിഭാഗം പറഞ്ഞു.



മോദിയുടെ വെയ്‌ബോ അക്കൗണ്ട് ഡിലീറ്റ് ആയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ചൈനയിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. അടുത്തിടെ ചൈനീസ് നേതൃത്വത്തിലുള്ള AIIB ( Asian Infrastructure Investment Bank ) ബാങ്ക് കോവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് വായ്പയായി അനുവദിച്ച 750 മില്യൺ ഡോളർ തിരികെ നൽകണം എന്നൊക്കെയുള്ള വാദമുഖങ്ങളാണ് ചൈനയിൽ നിന്നുയരുന്നത്. ഇന്ത്യയിൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതിലൂടെ ചൈനീസ് കമ്പനികൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

Kerala Globe News


Share this