സീറോ മലബാർ സഭയ്ക്ക് റോമിന്റെ ആദരം: റോമിൽ സ്വന്തമായി ഒരു ദേവാലയം അനുവദിച്ച് ഫ്രാൻസീസ് പാപ്പാ: ആഹ്ളാദത്തിൽ വിശ്വാസി സമൂഹം

Share this

സീറോ മലബാർ സഭയ്ക്ക് ഇതാദ്യമായി കത്തോലിക്കാ സഭയുടെ ഈറ്റില്ലമായ റോമിൽ ഒരു ബസ്സിലിക്ക ദേവാലയം സ്വന്തമായി നൽകിയിരിക്കുകയാണ് ഫ്രാൻസീസ് മാർപാപ്പ. ഇതോടെ റോമിൽ സ്വന്തമായ ദേവാലയം എന്ന ചിരകാല അഭിലാഷം ദൈവകൃപയാൽ സാധ്യമായിരിക്കുകയാണ് ഭാരതത്തിന്റെ സ്വന്തം സഭയ്ക്ക്. യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിന്റെ നിതാന്ത പരിശ്രമത്തിന്റെ ഫലംകൂടിയാണ് ഇങ്ങനൊരു സന്തോഷ വാർത്ത വിശ്വാസികളിലേയ്ക്ക് എത്തുന്നത്. 2019 ഒക്ടോബർ മാസം സീറോ മലബാർ സഭയുടെ പിതാക്കന്മാരുടെ വത്തിക്കാൻ സന്ദർശന വേളയിൽ ഈ ആവശ്യം മാർപാപ്പയോട് അവതരിപ്പിക്കുകയും സഭയുടെ ആവശ്യം പരിശുദ്ധ പിതാവ് അംഗീകരിച്ചതിന്റെ ഫലമായിട്ടുകൂടിയാണ് റോമാ രൂപതയുടെ വികാരി ജനറാൾ കർദിനാൾ ആഞ്ചലോ ദേ ദോണോത്തിസ്, ബസിലിക്ക ദേവാലയമായ സാന്താ അനസ്താസ്യ സീറോ മലബാർ സഭയ്ക്ക് നൽകികൊണ്ടുള്ള ഡിക്രി പുറപ്പെടുവിച്ചത്. 2011 മുതൽ സഭയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്‌ ഈ ദേവാലയത്തിലൂടെയായിരുന്നു.



നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ ദേവാലയം കത്തോലിക്കാ സഭയുടെ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങുന്ന ഒരു ദേവാലയം കൂടിയാണ്. വിശുദ്ധ ജെറോം സ്ഥിരമായി ദിവ്യബലി അർപ്പിച്ചിരുന്നത് ഈ ദേവാലയത്തിലായിരുന്നു. വത്തിക്കാൻ സിറ്റിയിൽ നിന്നും 10 മിനിറ്റ് മാത്രം യാത്രാ ദൂരത്തിലാണ് ബസിലിക്ക സാന്താ അനസ്താസ്യ സ്ഥിതിചെയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന അടുത്ത അവസരത്തിൽ കൃതജ്ഞതാ ബലി അർപ്പിച്ചുകൊണ്ട് ദേവാലയത്തിൽ സീറോ മലബാർ സഭ ഔദ്യാഗികമായി പ്രാർത്ഥനകൾ ആരംഭിക്കുമെന്ന് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് അറിയിച്ചിരിക്കുകയാണ്.





Kerala Globe News 


Share this