അയർലണ്ടിൽ ഭാഗ്യലക്ഷ്മി എന്ന മലയാളി പെൺകൊടി തന്റെ ഐറിഷ്കാരൻ ഭർത്താവ് റോബർട്ടുമൊത്ത് തുടങ്ങിയ മഹാറാണി ജിൻ എന്ന പേരിലുള്ള മദ്യം ലോകമാകെ ശ്രദ്ധിക്കപ്പെടുകയും ഇന്ന് കേരളത്തിലെ വിവിധ മലയാള മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരിക്കുകയാണ്. കോർക്കിലെ റെബൽ സിറ്റി ഡിസ്റ്റിലറിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മഹാറാണി ജിൻ അതിന്റെ പേരുകൊണ്ടും, കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്ന മലയാളം പദങ്ങൾകൊണ്ടും ആരുടേയും ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. മറ്റ് ഐറിഷ് ജിന്നുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചേരുവകളാണ് മഹാറാണി ജിന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന ഒൻപതു ചേരുവകളിൽ മൂന്നെണ്ണം കേരളത്തിൽ വയനാട്ടിലെ ഒരു ജൈവകൃഷി സംഘത്തിൽ നിന്നും ശേഖരിച്ച സുഗന്ധവ്യഞ്ജനങ്ങളാണ്.
കൊല്ലം സ്വദേശിയായ ഭാഗ്യലക്ഷ്മി 2013 ലാണ് അയർലണ്ടിൽ എം.ബി.എ പഠനത്തിനായി എത്തുന്നത്. തുടർന്നാണ് ഐറിഷ്കാരനായ റോബർട്ടുമായി പ്രണയത്തിലാകുന്നതും 2017 ൽ കേരളത്തിലെത്തി വിവാഹിതരാവുകയും ചെയ്തു. ഇരുവരും ചേർന്ന് റെബൽ സിറ്റി ഡിസ്റ്റിലറി എന്ന ബിസിനസ്സ് ആശയത്തിലേക്കെത്തുകയും കഴിഞ്ഞ അമ്പതു വർഷത്തിനിടെ കോർക്കിൽ തുറക്കുന്ന ആദ്യത്തെ മദ്യനിർമാണ ഫാക്ടറിയായി ഇത് മാറുകയും ചെയ്തു. “ബ്രാൻഡ് കേരളത്തിലെ സ്ത്രീകളുടെ വിപ്ലവകരമായ, വിമത മനോഭാവത്തെയും കേരള സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അവർ വഹിച്ച പങ്കിനെയും പ്രകീർത്തിക്കുന്നതാണ്. മഹാറാണി ജിൻ എന്ന ബ്രാൻഡിൽ വിപ്ലവ സ്പിരിറ്റ്, മോക്ഷം,സർഗാത്മകത എന്നീ മലയാളം പദങ്ങൾ അങ്ങനെതന്നെ ചേർത്തിരിക്കുന്നു.
കൊല്ലം സ്വദേശികളായ അഭിനേതാവ് രാജീവ് വാസവന്റെയും വീട്ടമ്മയായ വിമലയുടെയും മകളാണ് ഭാഗ്യലക്ഷ്മി. കുവൈത്തിൽ ജോലി ചെയ്യുന്ന അഖിൽ ഏക സഹോദരനാണ്.
Pictures: Rebel City Distillery
Kerala Globe News