അയർലൻഡ്: സർവീസ് ചാർജ്ജ് വാങ്ങാതെ മുഴുവൻ റീഫണ്ടും നൽകും എന്ന് കോൺഫിഡന്റ് ട്രാവൽസ് ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തി. നിലവിൽ സർവീസ് ചാർജ്ജ് വാങ്ങിയവർക്ക് അത് രണ്ടു മാസത്തിനുള്ളിൽ തിരികെ നൽകും. ഈ നീക്കം തികച്ചും സ്വാഗതാർഹമാണെങ്കിലും എയർ ട്രാവൽ സംബന്ധമായ നിയമങ്ങളോ കോവിഡ് കാലത്തെ ഗവൺമെന്റ് നിർദ്ദേശങ്ങളോ യാതൊന്നും പരിഗണിക്കാതെയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ റീഫണ്ടിംഗ് പ്രശ്നം പരിഹരിച്ചു എന്ന് വരുത്തി തീർക്കുവാൻ ട്രാവൽ സബ്-ഏജൻസികളുടെ ശ്രമം. മൗനം ഭജിച്ച് പ്രശ്‌നപരിഹാരത്തിലേയ്‌ക്കെത്തി എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഇവിടെയും നിയമവശങ്ങൾ പരിഗണിച്ചിട്ടില്ല എന്ന് പകൽപോലെ വ്യക്തം. കസ്റ്റമേഴ്‌സിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുമോ എന്ന് വ്യക്തമല്ല. മാത്രമല്ല;ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നതോടെ പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന ലക്ഷ്യവും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിഷേധക്കാർ പ്രധാന ട്രാവൽ ഏജന്റായ വേൾഡ് ട്രാവലിന് മുൻപിൽ ഈ മാസം 25 ന് പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികളുടെ വെളിച്ചത്തിലാണ് ഈ തീരുമാനമെന്ന് കരുതുന്നു.
എന്നിരുന്നാലും രണ്ട് മാസങ്ങൾക്ക് ശേഷമാണെങ്കിലും ഉപഭോക്തക്കൾക് അനുകൂലമായ ഒരു പ്രസ്താവന നടത്തിയ സബ് ഏജൻസിയുടെ നടപടി അയർലണ്ടിലെ മലയാളി സമൂഹം പൊതുവെ സ്വാഗതം ചെയ്തു എന്ന് വ്യക്തം. എന്നാൽ ഇനിയും മാസങ്ങൾ കാത്തിരിക്കുക സാധ്യമല്ലെന്നും നിയമപ്രകാരമുള്ള സമയപരിധിക്കുള്ളിൽ റീഫണ്ട് നൽകി പ്രശ്നം പരിഹരിക്കണമെന്നുമാണ് ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം ആവശ്യപ്പെടുന്നത്.
റീഫണ്ട് സംബന്ധിച്ച നിയമങ്ങൾ വായിക്കുക.
Kerala Globe News