നാല് കൗണ്ടികളെ ബന്ധിപ്പിക്കുന്ന 130 കിലോമീറ്റർ ദൈർഘ്യമുള്ള അയർലണ്ടിലെ ഏറ്റവും വലിയ ഹരിതപാത റോയൽ കനാൽ ഗ്രീൻവേ ഇന്ന് തുറക്കും

Share this

ചരിത്രപ്രാധാന്യമുള്ള 225 വർഷം പഴക്കമുള്ള റോയൽ കനാലിനൊപ്പം നിർമ്മിച്ചിരിക്കുന്ന 130 കിലോമീറ്റർ ദൈർഘ്യമുള്ള റോയൽ കനാൽ ഗ്രീൻവേയ്ക്ക് ഇന്ന് ഔദ്യോഗിക തുടക്കം. പൊതുജനങ്ങളുടെ നടത്തവും സൈക്ലിംഗും  പ്രോത്സാഹിപ്പിക്കുന്നതിനായി അയർലണ്ടിലുടനീളം നിർമ്മിക്കുന്ന ഹരിതപാതകളെയാണ് ഗ്രീൻവേ എന്ന് വിളിക്കുന്നത്. ഇവിടേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ സുരക്ഷിതമായ നടത്തവും, സൈക്ലിംഗും സാധ്യമാകുന്നു. കിൽ‌ഡെയർ, മീത്ത്, വെസ്റ്റ്മീത്ത്, ലോംഗ്ഫോർഡ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗ്രീൻ‌വേയാണ് വാട്ടർ‌വേസ് അയർ‌ലൻഡ് ഏകോപിപ്പിക്കുന്ന 12 മില്യൺ യൂറോ ചെലവഴിച്ചു നിർമ്മിച്ച റോയൽ കനാൽ ഗ്രീൻവേ.

രാജ്യത്തെ ഏറ്റവും പുതിയ ഡോർ ടു ഡോർ അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായ റോയൽ കനാൽ ഗ്രീൻവേ കടന്നുപോകുന്ന വഴികളിൽ 90 പാലങ്ങൾ, 33 ലോക്കുകൾ, 17 ഹാർബറുകൾ, നാല് ജലസംഭരണികൾ എന്നിവ ഉൾപ്പെടുന്നു. 18, 19 നൂറ്റാണ്ടുകളിൽ അയർലണ്ടിലേക്ക് ചരക്കുകൾ എത്തിയിരുന്ന പ്രധാന ജലപാതയായിരുന്നു റോയൽ കനാൽ. 1960 ൽ ഇതുവഴിയുള്ള സഞ്ചാരം ഔദ്യോഗികമായി അടച്ചു. പിന്നീട് വെറുതെകിടന്ന ഇവിടം ഇപ്പോഴാണ് അറ്റകുറ്റപണിപൂർത്തിയാക്കി പുതിയൊരു സമാന്തരപാത തീർത്ത് ടൂറിസത്തിനായി ഒരുക്കിയത്. സാധാരണ ഹരിതപാതകളിൽ ഉള്ളതുപോലെ 14 പാർക്കിങ് കേന്ദ്രങ്ങളും എൻട്രിപോയന്റും ഉണ്ട്. കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് വേണം ഇതുവഴി സഞ്ചരിക്കുവാൻ എന്ന് അധികാരികൾ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ മാനസിക ശാരീരിക ഉല്ലാസത്തിനായി നിരവധി ഹരിതപാതകളാണ് അയർലണ്ടിൽ നിർമാണത്തിലിരിക്കുന്നത്. ആഭ്യന്തര ടൂറിസത്തിന് പ്രാധാന്യമേറിവരുന്ന ഈ കാലഘട്ടത്തിൽ ഓരോ ഹരിതപാതകളും രാജ്യത്തിന് മുതൽകൂട്ടാവുകയാണ്.

Kerala Globe News

 


Share this