അതിരാവിലെ മൂടിപ്പുതച്ച് കിടന്നുറങ്ങുമ്പോൾ അപരിചിതനായ ഒരാൾ വാതിലിൽ മുട്ടിവിളിച്ച്, ഇന്നാ പിടിച്ചോ ഒരു ലംബോർഗിനി കാറും കുറച്ച് കാശും എന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടില്ലേ… അങ്ങനെ ശരിക്കും ഞെട്ടിയിരിക്കുകയാണ് യു.കെ മലയാളികളായ ഷിബുവും ലിനറ്റും. നോട്ടിങ്ഹാമിൽ താമസിക്കുന്ന ദമ്പതികളായ ഷിബുവും ലിനറ്റും BOTB നടത്തിയ ഒരു നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നു. സാധാരണക്കാർക്കും സ്വപ്നകാറുകൾ സമ്മാനമായി ലഭിക്കുന്ന വിവിധ മത്സരങ്ങൾ 1999 മുതൽ യൂകെയിലുടനീളം സംഘടിപ്പിക്കുന്ന കമ്പനിയാണ് BOTB. ഈയാഴ്ചയിലെ നറുക്കെടുപ്പിൽ വിജയിയാകുവാൻ ഭാഗ്യമുണ്ടായത് ഷിബുവിന് ആയിരുന്നു. 2 കോടി രൂപാ അടുത്ത് വിലമതിക്കുന്ന ലംബോർഗിനി ഉറുസ് കാറും, 20000 പൗണ്ടും ആണ് സമ്മാനം.
ദമ്പതികൾക്ക് ഒരു സർപ്രൈസ് എന്ന നിലയിൽ രാവിലെ തന്നെ കമ്പനി പ്രതിനിധി ഷിബുവിന്റെ വീട്ടിൽ എത്തുകയും നറുക്കെടുപ്പിൽ വിജയിയായ വിവരം അറിയിക്കുകയുമായിരുന്നു. എന്നാൽ ആദ്യം ഇത് ഒട്ടും വിശ്വസിക്കുവാൻ ഷിബുവിനും ലിനറ്റിനും കഴിഞ്ഞില്ല. കമ്പനി പ്രതിനിധി രണ്ടുപേരെയും കൂട്ടി കാറിനരുകിൽ എത്തുകയും അങ്ങനെ ദമ്പതികൾ വിശ്വസിക്കുകയുമായിരുന്നു. നോട്ടിങ്ഹാം അആശുപത്രിയിലെ നേഴ്സ് ആണ് ഷിബുവിന്റെ ഭാര്യ ലിനറ്റ്. നാട്ടിൽ വെള്ളൂർ സ്വദേശിയായ ഷിബു യുകെയിൽ എത്തിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. വാടകയ്ക്ക് താമസിക്കുന്ന ഇവർ ഒരു വീട് വാങ്ങുന്നതിനുള്ള ഒരുക്കത്തിലാണ്.
BOTB കമ്പനി തന്നെ ചിത്രീകരിച്ച ഇവരുടെ വീഡിയോ കാണാം.
Kerala Globe News