അയർലണ്ടിലെ ഇന്ത്യൻ/ പാക്കിസ്ഥാനി/ ഏഷ്യൻ സബ് ഏജൻസികൾക്ക് വിമാനകമ്പനികൾ നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വിൽക്കുവാൻ സാധിക്കുന്നത് എങ്ങനെയാണ്? എന്തുകൊണ്ട് ഐറിഷ് ഉടമസ്ഥതയിലുള്ള ഏജൻസികളിൽനിന്നും അതേ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നില്ല? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടിപോയാൽ ലഭിക്കുന്നത് ഈ ഏജൻസികൾക്ക് അവരുടെ പ്രധാന ഏജന്റ് നൽകുന്ന കുടിയേറ്റക്കാർക്കായുള്ള ETHNIC FARE എന്ന സ്പെഷ്യൽ ടിക്കറ്റ് നിരക്കിലേക്കാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള ചില ഏഷ്യൻ/ആഫ്രിക്കൻ രാജ്യക്കാർക്ക് വേണ്ടി അയർലണ്ടിലെ പ്രധാന ഏജന്റുമാരായ വേൾഡ് ട്രാവൽ, ക്ലബ് ട്രാവൽ തുടങ്ങിയ ഏജൻസികൾ അവരുടെ സബ് ഏജൻസികൾക്ക് നൽകുന്ന ആനുകൂല്യമാണ് കുടിയേറ്റക്കാർക്കായുള്ള ETHNIC FARE എന്ന ഡിസ്കൗണ്ട്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഈ ആനുകൂല്യം നിലവിലുണ്ട്. ഈ കുറവാണ് സബ് ഏജൻസികളുടെ ടിക്കറ്റ് നിരക്ക് കുറയുന്നതിനുള്ള ഒരു പ്രധാന കാരണം. ഇത് ഉപഭോക്താവിന് അനുകൂലമാണെങ്കിലും അയർലണ്ടിൽ ഈ ആനുകൂല്യം ചില സബ് ഏജൻസികൾക്ക് മാത്രമായി നൽകുന്നു എന്നതാണ് ഈ രംഗത്ത് ഇത്രയും കാലം സബ് ഏജൻസികളുടെ കുത്തകക്ക് കാരണമായത്.
അതായത് ETHNIC FARE എന്ന ആനുകൂല്യം അയർലണ്ടിലുള്ള എല്ലാ ടിക്കറ്റിoഗ് ഏജൻസികൾക്കും നൽകുകയാണെങ്കിൽ എല്ലാ മലയാളികൾക്കും/ഇൻഡ്യാക്കാർക്കും അവരുടെ ഏറ്റവുമടുത്ത ട്രാവൽ ഏജന്റിന്റെ പക്കൽനിന്നും ഇപ്പോൾ മലയാളി ഉടമസ്ഥയിലുള്ള സബ് ഏജൻസികൾ നൽകുന്ന അതേ തുകയ്ക്കോ അതിൽ കുറഞ്ഞോ ടിക്കറ്റ് ലഭിക്കും. യു.കെ.യിൽ ഈ മാതൃകയിൽ ടിക്കറ്റ് നല്കുന്നതുകൊണ്ടാണ് അയര്ലണ്ടിനേക്കാൾ കുറഞ്ഞ റേറ്റിൽ ടിക്കറ്റ് ലഭിക്കുന്നത്.
ഏഷ്യൻ/ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം വരുന്ന യാത്രക്കാരുടെ ടിക്കറ്റുകളാണ് ഇങ്ങനെ അയർലണ്ടിലെ മറ്റു ഏജൻസികൾക്ക് നഷ്ടമാകുന്നത്. ETHNIC FARE എന്ന ആനുകൂല്യം എല്ലാ ട്രാവൽ ഏജന്റുമാർക്കും നൽകുകയാണെങ്കിൽ ഈ രംഗത്തെ ചില ഏജൻസികളുടെ കുത്തക അവസാനിക്കും. ഈ ലക്ഷ്യത്തിനുള്ള പരിശ്രമത്തിലാണ് അയർലണ്ടിലെ ജനകീയ സംഘടനയായ ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം.
ഇതിന്റെ ആദ്യപടി എന്നോണം വേൾഡ് ട്രാവൽ, ക്ലബ് ട്രാവൽ, ഐറിഷ് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ, അയാട്ട, വിമാന കമ്പനികൾ തുടങ്ങിയവർക്ക് നിവേദനം നൽകും. ഈ ആവശ്യത്തിലേക്ക് ഒപ്പു ശേഖരണത്തിന് തുടക്കം കുറിക്കും. ഇതിലേക്ക് അയർലണ്ടിലെ എല്ലാ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഒരു പ്രഗത്ഭ വക്കീലുമായി ആദ്യവട്ട ചർച്ചകൾ നടന്നതായാണ് അറിയുവാൻ കഴിയുന്നത്.
Kerala Globe News