മാസങ്ങളായി ടിക്കറ്റ് റീഫണ്ടിനായി കാത്തിരുന്ന ഐറിഷ് മലയാളിക്ക് ആശ്വാസമായി കോടതി വിധി. ഡബ്ലിൻ മലയാളി നൽകിയ കേസിൽ ട്രാവൽ ഏജൻസിയോട് മുഴുവൻ തുകയും മടക്കി നൽകി പ്രശ്നം പരിഹരിക്കുവാനാണ് സ്മാൾ ക്ലെയിംസ് കോർട്ട് ( Small Claims Court ) ഉത്തരവിട്ടത്. ഇത് പ്രകാരം ട്രാവൽ ഏജന്റ് മുഴുവൻ തുകയും കൈമാറി ഈ കേസ് പരിഹരിച്ചു. സുപ്രധാനമായ ഈ വിധിയോടെ സർവീസ് ചാർജ്ജ്, അഡ്മിനിസ്ട്രേറ്റിവ് ഫീസ് തുടങ്ങിയ ഓമനപ്പേരിട്ട് വിളിക്കുന്ന യാതൊരുവിധ തുകകളും കോവിഡ് കാലത്തെ ബൂക്കിംഗുകൾക്ക് ഈടാക്കുവാൻ പാടില്ല എന്ന് വ്യക്തമാകുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേതൃത്വം നൽകിയ ഇൻഡോ ഐറിഷ് ഫോറത്തിന്റെ പ്രധാന ആവശ്യമായിരുന്നു മുഴുവൻ തുകയുടെ റീഫണ്ട്.
അയർലണ്ടിലെ മലയാളി ചരിത്രത്തിലെ നാഴികകല്ലായ സമരമായിരുന്നു ട്രാവൽ ഏജൻസികളുടെ അന്യായമായ പണം ഈടാക്കലിനെതിരേ നടന്ന മാസങ്ങൾ നീണ്ട സമരം. മാർച്ച് മാസം പകുതിയോടെ കോവിഡ് മഹാമാരി മൂലം അയർലണ്ട് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും യാത്രകൾ നിരോധിക്കുകയുമായിരുന്നു. ഇതോടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ പലപ്പോഴായി ഏജൻസികളെ സമീപിച്ച് ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച ലോക്ക്ടൗണിൽ എന്തുചെയ്യണമെന്ന് ഏജൻസികൾക്കും അറിയില്ലായിരുന്നു. ലഭിച്ച പണം മുഴുവൻ മറ്റു പല രംഗങ്ങളിലേക്ക് മുടക്കിയതായി പറയപ്പെടുന്നു. റീഫണ്ട് നൽകുന്നതിനുള്ള സമയം അവധിക്ക് വെച്ച് പിന്നെയും രണ്ട് മാസം കൂടി കടന്നു പോയി. ഇതിനിടയിൽ ഏജൻസികളുടെ ഇടയിൽ തന്നെ ചർച്ചകൾ ഉണ്ടാവുകയും റീഫണ്ട് തുകയിൽ നിന്നും കുറച്ചു പണം സർവീസ് ചാർജ്ജായി ഇടാക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഇത് എത്ര വേണം എന്ന് തർക്കം ഉണ്ടാവുകയും ഒരാളുടെ ടിക്കറ്റിന് 50 യൂറോ എന്ന കണക്കിലെക്കെത്തുകയുമായിരുന്നു. അതായത് നാല് പേരുള്ള ഒരു കുടുംബത്തിന്റെ പക്കൽനിന്നും 200 യൂറോ വരെ സർവീസ് ചാർജ്ജായി ഈടാക്കുവാൻ നീക്കം.
ഇതിനിടയിലാണ് കോവിഡ് കാലത്തെ എയർ ടിക്കറ്റ് റീഫണ്ടുകൾ ഫുൾ റീഫണ്ടുകൾ തന്നെ നൽകണമെന്ന് ഗവൺമെന്റിന്റെ ശക്തമായ നിർദ്ദേശം വന്നത്. എന്നിട്ടും മലയാളികളുടെ ഇടയിൽ നിന്നും സർവീസ് ചാർജ്ജ് ഇനത്തിൽ വലിയൊരു തുക ഈടാക്കുവാനുള്ള തീരുമാനവുമായി ട്രാവൽ ഏജൻസികൾ മുൻപോട്ട് പോയി. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു ടിക്കറ്റിന് 50 യൂറോ എന്ന കണക്ക് മിക്കവർക്കും അംഗീകരിക്കാനായില്ല. എന്നാൽ പല കൗണ്ടികളിൽ ജീവിക്കുന്ന ഉപഭാക്താക്കൾ ഈയൊരു വിഷയത്തിൽ ഒരുമിക്കുമെന്ന് സങ്കൽപ്പിക്കുവാൻപോലും ഏജൻസികൾക്ക് കഴിഞ്ഞുമില്ല. ഈ പ്രശ്നം ഉന്നയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കൾ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളാ ഗ്ലോബ് ആദ്യമായി ടിക്കറ്റ് റീഫണ്ട് വിവാദം എന്ന പേരിൽ ഒരു വാർത്ത നൽകിയത്. കേരളാ ഗ്ലോബിൽ ജൂൺ ആദ്യം വാർത്ത വരികയും ഒരാഴ്ചക്ക് ശേഷം മറ്റൊരു ഓൺലൈൻ പത്രത്തിൽകൂടി വാർത്ത വന്നതോടെ ഈ വിഷയം ചർച്ച ചെയ്യപ്പെടുവാൻ ഇടയായി.
ഇതിനിടയിൽ ജൂൺ 22 ന് പൊതുപ്രവർത്തകനായ എമി സെബാസ്റ്റ്യൻ ഈ വിഷയം അവതരിപ്പിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് വീഡിയോ പ്രസിദ്ധീകരിക്കുകയും നിരവധി മലയാളികൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തുകയുമായിരുന്നു. സംഘടനകളുടെയോ പ്രമുഖ വ്യക്തികളുടെയോ പരസ്യ പിന്തുണ ഇല്ലാതിരുന്നിട്ടും പല കൗണ്ടികളിൽനിന്നുള്ള പ്രതിഷേധക്കാർ ഒരുമിക്കുകയും ഇൻഡോ ഐറിഷ് ഫോറം എന്ന ഒരു കുടക്കീഴിൽ അണിചേരുകയും വിവിധ സമരപരിപാടികൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലനമെന്നോണം ക്ലബ് ട്രാവൽസ് അവരുടെ നേരിട്ടുള്ള ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്ത് മാതൃകയായി. എന്നാൽ മറ്റൊരു മുഖ്യ ട്രാവൽ ഏജന്റായ വേൾഡ് ട്രാവൽ, അവരുടെ സബ് ഏജൻസികളുടെ പക്ഷത്ത് നിലയുറപ്പിച്ചു.
ഈ സബ് ഏജൻസികൾ സമരത്തെ പരാജയപ്പെടുത്തുവാൻ നിരവധി മാർഗ്ഗങ്ങളിലൂടെ ശ്രമിക്കുകയും അവയെല്ലാം പരാജയപ്പെടുകയുമായിരുന്നു. മുഴുവൻ തുകയും റീഫണ്ട് എന്ന ആവശ്യത്തിൽ നിന്ന് പിന്മാറാതെ ആഗസ്റ്റ് 25 ന് പ്രത്യക്ഷ സമരത്തിന് പ്രതിഷേധക്കാർ ഒരുങ്ങി. കനത്ത കാറ്റും മഴയും വകവെയ്ക്കാതെ ആഗസ്റ്റ് 25 ന് ഐറിഷ് മലയാളികളുടെ ചരിത്രത്തിലാദ്യമായി ട്രാവൽ ഏജൻസികളുടെ മുൻപിൽ സമരം നടന്നു. പ്രതിഷേധം ശക്തമായതോടെ ചില ഏജൻസികൾ മുഴുവൻ തുകയും മടക്കി നൽകി തുടങ്ങി. സമരക്കാരിൽ ചിലർ സ്മാൾ ക്ലെയിംസ് കോർട്ടിൽ കേസ് നൽകുകയും കോടതി വിധിക്കായി കാത്തിരിക്കുകയും ചെയ്യുന്നു. അതിൽ ഒരു കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അർഹമായ മുഴുവൻ തുകയും റീഫണ്ട് ലഭിക്കുവാൻ കോടതിയിൽ പോകേണ്ട അവസ്ഥയാണ് ഇപ്പോൾ ഐറിഷ് മലയാളികൾ നേരിടുന്നത്.
ഈ ഏജൻസികളിൽ ചിലർ ഇപ്പോഴും സർവീസ് ചാർജ്ജിനത്തിൽ ഒരു ഫാമിലിയിൽ നിന്നും 75 യൂറോയും 100 യൂറോയുമൊക്കെ ഇടാക്കിയാണ് റീഫണ്ട് നൽകുന്നതെന്ന് ഉപഭാക്താക്കൾ പറയുന്നു. ട്രാവൽ ഏജൻസികൾ വൻ നഷ്ടത്തിൽ എന്ന സഹതാപ തരംഗത്തിൽ വിശ്വസിച്ച് ഉപഭോക്താക്കൾ പലരും ഈ നഷ്ടം സഹിക്കുകയാണ്. എല്ലാ ബിസ്സിനസ്സുകളും നഷ്ടത്തിലാണ്. ജോലി നഷ്ടമായ, വരുമാനം നഷ്ടമായ ആയിരക്കണക്കിന് മലയാളികൾ ഇവിടെ ജീവിക്കുമ്പോൾ ട്രാവൽ ഏജൻസികൾക്ക് മാത്രം നഷ്ടമുണ്ടായി എന്ന് പ്രചരിപ്പിക്കുന്നവർ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെ മനഃപൂർവ്വം അവഗണിക്കുകയാണ്.
Kerala Globe News