ഇംഗ്ലീഷ് കവിയായ റോബര്‍ട്ട് ബ്രൌണിങ്ങിന്‍റെ ‘പൈഡ് പൈപ്പര്‍ ഓഫ് ഹാംലിന്‍’ എന്ന കവിത വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടുള്ളവര്‍ ആര്‍ക്കും തന്നെ ഹാംലിന്‍ ടൌണില്‍ വന്നെത്തിയ പൈപ്പ് വായനക്കാരനെയും അയാളോടൊപ്പം പോയ്മറഞ്ഞ ഹാംലിനിലെ കുട്ടികളെയും മറക്കുക സാധ്യമല്ല. ജര്‍മ്മന്‍ പട്ടണമായ ഹാംലിനില്‍ പ്രചാരത്തിലിരുന്ന ഒരു നാടോടിക്കഥയെ കവിതാരൂപത്തിലേയ്ക്ക് മൊഴി മാറ്റുകയായിരുന്നു ബ്രൌണിംഗ് ചെയ്തത്. എന്നാല്‍ ഈ കഥയ്ക്ക് ചരിത്രപരമായ പശ്ചാത്തലം ഉള്ളതാണെന്നും പൈപ്പ് വായനക്കാരനും അയാളോടൊപ്പം ഒരിക്കലും തിരിച്ചു വരാത്തവണ്ണം നാട് വിട്ട് മറഞ്ഞ ഹാംലിനിലെ യുവജനങ്ങളും വാസ്തവത്തില്‍ ഉണ്ടായിരുന്നവരാണെന്നും ഉള്ള വിവരമാണ് സമകാലിക ചരിത്ര പഠനങ്ങള്‍ തരുന്നത്.
പ്രചാരത്തിലിരിക്കുന്ന കഥാപ്രകാരം പ്ലേഗ് രോഗത്തിന്‍റെ കാലത്ത് ജര്‍മനിയിലെ ഹാംലിന്‍ പട്ടണത്തില്‍ എലികള്‍ വന്നു നിറഞ്ഞുവെന്നു പറയപ്പെടുന്നു. അവയെ ഓടിക്കാന്‍ കഴിയാതെ വിഷമിക്കവേ വിവിധ വര്‍ണങ്ങള്‍ നിറഞ്ഞ വസ്ത്രം ധരിച്ച ഒരു പൈപ്പ് വായനക്കാരന്‍ അവിടെയെത്തുകയും തനിക്കു പ്രതിഫലം തന്നാല്‍ താന്‍ എലികളെ ഓടിക്കാം എന്നു പറയുകയും ചെയ്യുന്നു. നിബന്ധനകള്‍ അംഗീകരിച്ച നാട്ടുക്കൂട്ടത്തിനെ സഹായിക്കാനായി അയാള്‍ തന്റെ പൈപ്പ് ഉയര്‍ത്തി മനോഹരമായ ഒരു ഗാനം ആലപിക്കുകയും അത് കേട്ട എലികള്‍ വരിവരിയായി അയാളുടെ പിന്നാലെ പോവുകയും ചെയ്യുന്നു. പൈപ്പര്‍ നടന്നു സമീപസ്ഥമായ ഒരു ജലാശയത്തിലേക്ക് പോവുകയും പിന്നാലെ പോയ എലികള്‍ ഒന്നൊഴിയാതെ വെള്ളത്തില്‍ മുങ്ങിചാവുകയും ചെയ്യുന്നു.
എലികളുടെ ഭീതി ഒഴിഞ്ഞതോടെ നാട്ടുവാസികള്‍ നിലപാട് മാറ്റുകയും പൈപ്പര്‍ക്ക് പറഞ്ഞിരുന്ന പ്രതിഫലം നല്‍കാതെയിരിക്കുകയും ചെയ്തു. അതിനു പ്രതികാരമായി പൈപ്പര്‍ തന്റെ പൈപ്പില്‍ മറ്റൊരു ഈണം ആലപിക്കുകയും ആ സംഗീതത്തിനു അടിപ്പെട്ടു ഹാംലിനിലെ യുവാക്കളും കുട്ടികളും പൈപ്പറിന് പിന്നാലെ പോവുകയും ചെയ്തു. പോയ്മറഞ്ഞ കുട്ടികളെയും പൈപ്പറെയും പിന്നീടാരും കണ്ടിട്ടില്ല എന്നാണ് കഥ.
ഈ നാടോടിക്കഥയുടെ തുടക്കം അന്വേഷിച്ചാല്‍ ലഭ്യമായ ഏറ്റവും പഴയ തെളിവ് ഹാംലിനിലെ പള്ളിയിലെ ജനാല ചില്ലില്‍ 1384ല്‍ എഴുതപ്പെട്ട വാക്കുകള്‍ ആണ്. “നമ്മുടെ കുഞ്ഞുങ്ങള്‍ പോയിട്ട് 100 വര്‍ഷം” എന്നർത്ഥം വരുന്ന വരികൾ ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വച്ച് നോക്കിയാൽ 1284ൽ സംഭവിച്ചു എന്നു കരുതപ്പെടുന്ന കഥാ സന്ദർഭത്തിന് സാധ്യതകൾ ഏറെയുണ്ടെന്ന് തന്നെയാണ്.
ദുരൂഹമായ പൈഡ് പൈപ്പറിനെയും അതിലേറെ ദുരൂഹമായ കുട്ടികളുടെ അപ്രത്യക്ഷമാകലിനെയും വിശദീകരിക്കാന്‍ ചരിത്രവായനക്കാര്‍ നിരവധി സിദ്ധാന്തങ്ങള്‍ മുന്നോട്ടു വയ്ക്കാറുണ്ട്. എല്ലാ സിദ്ധാന്തങ്ങളിലും പൈപ്പ് വായനക്കാരന്‍റെ റോള്‍ എന്നാല്‍ ഒരു റിക്രൂട്ടറുടേതാണ്. 1300കളില്‍ പ്ലേഗിന്റെ ഫലമായി ജര്‍മനി സാമ്പത്തികമാന്ദ്യത്തിന്‍റെ പിടിയില്‍ ആയിരുന്നുവെന്നും അതിനെ തുടര്‍ന്ന് പ്രവാസജീവിതത്തിനു തയ്യാറാവുന്ന യുവാക്കളെ കണ്ടെത്തി അവരെ പുതിയ നാടുകളില്‍ എത്തിച്ച് തൊഴില്‍ കണ്ടെത്തി കൊടുക്കുന്ന റിക്രൂട്ടര്‍മാരുടെ സിംബോളിക് അവതരണമാകാം നാടോടിക്കഥകളില്‍ കണ്ടെത്തുന്ന പൈഡ് പൈപ്പര്‍ എന്നു കരുതപ്പെടുന്നു. ഈ റിക്രൂട്ടര്‍മാര്‍ ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുവാനായി വര്‍ണവസ്ത്രങ്ങള്‍ ധരിച്ചിരുന്നുവെന്നും ശബ്ദമുണ്ടാക്കുന്ന സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും പഠനങ്ങള്‍ ഉണ്ട്. ഈ മൈഗ്രേഷന്‍ സിദ്ധാന്തപ്രകാരം കുട്ടികളെയും കൊണ്ട് റിക്രൂട്ടര്‍ പോയത് ബെര്‍ലിനിലെയ്ക്ക് ആണ്. ബെര്‍ലിനില്‍ ഉള്ള ചില ആള്‍ക്കാരുടെ കുടുംബനാമങ്ങള്‍ ഹാംലിനില്‍ നിന്ന് അപ്രത്യക്ഷമായ കുട്ടികളുടെ കുടുംബനാമങ്ങള്‍ക്ക് സമാനമാണ് എന്നതാണ് ഈ സിദ്ധാന്തത്തെ ശരിവയ്ക്കുന്നത്.
എന്നാല്‍ മറ്റ് ചരിത്ര പഠനങ്ങള്‍ പ്രകാരം കുട്ടികള്‍ പോയത് റോമാനിയയിലെ ട്രാന്‍സില്‍വേനിയയിലേയ്ക്കാണത്രെ. അതെ സമയം കുരിശുയുദ്ധങ്ങളുടെ ഭാഗമായി നടന്ന ‘കുട്ടികളുടെ കുരിശുയുദ്ധങ്ങള്‍’ക്കായിട്ടു ആയിരിക്കാം റിക്രൂട്ടര്‍മാര്‍ കുട്ടികളെ കൊണ്ട് പോയത് എന്നും അഭിപ്രായങ്ങള്‍ ഉണ്ട്.
മറ്റൊരു രസകരമായ പഠനം വിരല്‍ ചൂണ്ടുന്നത് ഈ കാലഘട്ടത്തില്‍ യൂറോപ്പിനെ ഗ്രസിച്ച ഡാന്‍സിംഗ് മാനിയ എന്ന ഒരു സാമൂഹ്യ മാനസിക വിഭ്രാന്തിയിലേയ്ക്കാണ്. ചരിത്രവസ്തുതകള്‍ പറയുന്നത് ഈ കാലഘട്ടത്തില്‍ ‘നൃത്താസുഖം’ ബാധിച്ച യുവാക്കളുടെ സമൂഹം നീണ്ട നിരയായി ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് നൃത്തം ചെയ്തു കൊണ്ടും തുള്ളി ചാടിക്കൊണ്ടും യാത്ര ചെയ്തിരുന്നു എന്നാണ്. ഈ സാമൂഹിക വിഭ്രാന്തിയുടെ കാരണം കണ്ടെത്തുന്ന ശാസ്ത്രീയ പഠനങ്ങള്‍ ഒന്നും തന്നെ പൂര്‍ണ വിജയം നേടി എന്ന് പറയുക വയ്യ. എന്നിരുന്നാല്‍ തന്നെ പൈഡ് പൈപ്പറുടെയും അയാള്‍ക്ക് പിന്നാലെ നൃത്തം ചെയ്ത് സന്തോഷിച്ചു നാട് വിട്ടുപോയ കുട്ടികളുടെയും മൂലകഥാംശം മേല്‍പറഞ്ഞ സിദ്ധാന്തങ്ങളില്‍ പലതിലും ഉണ്ടെന്നു കരുതുക തന്നെ വേണം.