ഇന്ത്യയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം ചിലവിൽ രണ്ട് RT-PCR ടെസ്റ്റ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. യാത്ര പുറപ്പെടുന്നതിനു മുൻപ് അതാത് രാജ്യങ്ങളിൽനിന്നുള്ള ടെസ്റ്റ് റിസൾട്ടും ഇന്ത്യയിൽ വന്നിറങ്ങുമ്പോൾ വിമാനത്താവളങ്ങളിൽ നടക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും ഉൾപ്പെടെ രണ്ട് ടെസ്റ്റുകളുടെയും പൂർണ്ണ ചിലവ് പ്രവാസികൾ തന്നെ വഹിക്കണം. യു.എ.ഇ യിൽ ഒരാൾക്ക് 150 ദിർഹം ചിലവുള്ള ടെസ്റ്റും ഇന്ത്യയിൽ എത്തുമ്പോൾ ഒരാൾക്ക് 1500 രൂപ ചിലവും സ്വന്തം പോക്കറ്റിൽ നിന്ന് നല്കണം. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ഇരുപതിനായിരം രൂപയോളം ഈയിനത്തിൽ ചെലവ് വരും.
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് കനത്തപ്രഹരമാണ് ഇതേൽപ്പിക്കുന്നത്. എന്നാൽ ടെസ്റ്റ് നെഗറ്റിവ് റിസൾട്ട് ലഭിച്ചാലും ഇന്ത്യയിൽ 7 ദിവസം ഐസൊലേഷനിൽ കഴിയുകയും വേണം.അതീവ ഗുരുതരമായ സാമ്പത്തീക കാലാവസ്ഥയിലൂടെ ലോകം കടന്ന് പോകുമ്പോൾ തൊഴിൽ നഷ്ടവും വേതന നഷ്ടവും സംഭവിച്ച പ്രവാസികളാണ് കൂടുതലും തിരിച്ചെത്തുന്നത്. നമ്മുടെ രാജ്യത്തെ സാമ്പത്തീക പുരോഗതിയിലേക്ക് നയിക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടാകുന്ന തീരുമാനം ആണിത്. ആയതിനാൽ അവരുടെ ആർ.ടി പി.സി.ആർ ടെസ്റ്റുകളുടെ ചിലവ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരിക്കുകയാണ് ഹൈബി ഈഡൻ എം.പി. ഈ വിഷയത്തിൽ എത്രയും വേഗം ഒരു ഇടപെടൽ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Kerala Globe News