മൂക്കിനും തൊണ്ടയ്ക്കും ആശ്വാസത്തിന് വക: കോവിഡ് പി.സി.ആർ ടെസ്റ്റിന് ഉമിനീർ സ്വാബ് ഉപയോഗിക്കാനാകുമെന്ന് പഠനം

Share this

ഡബ്ലിൻ: അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് ( RCSI ) കഴിഞ്ഞ ഒരു വർഷത്തിനിടെ കോവിഡ് രോഗനിർണ്ണയവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തിൽ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സ്രവങ്ങൾക്ക് പകരമായി ഉമിനീര് കോവിഡ് പി.സി.ആർ പരിശോധനക്ക് ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് രോഗനിർണയരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന ഒരു പഠനറിപ്പോർട്ടാണ് എച്ച്ആർബി ഓപ്പൺ റിസർച്ചിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള പരിശോധനാരീതികളുമായി താരതമ്യം ചെയ്തപ്പോൾ ഉമിനീരുപയോഗിച്ചുള്ള പി.സി.ആർ ടെസ്റ്റ് തുല്യമായ കൃത്യത നൽകുന്നതായി പഠനത്തിൽ തെളിഞ്ഞു. ഈ പഠനറിപ്പോർട്ട്  അന്തർദേശീയ തലത്തിൽ അംഗീകരിച്ചിരിക്കുകയാണ്.

2020 നവംബറിനും 2021 മാർച്ചിനും ഇടയിൽ, ലക്ഷണങ്ങളില്ലാത്ത 300 -ലധികം ആളുകളുടെ ഗ്രൂപ്പിൽ നിന്ന് മൂക്കിലെ/തൊണ്ടയിലെ സ്രവങ്ങൾ, ഉമിനീർ സാമ്പിളുകൾ എന്നിവ ശേഖരിച്ച് പഠനവിധേയമാക്കുകയായിരുന്നു. ഇതിൽ മൂക്ക്/തൊണ്ട സ്രവ സാമ്പിളുകളിൽ നിന്നും 94% പേർ പോസിറ്റീവ് ആയെങ്കിൽ അതേ റിസൾട്ട് തന്നെയാണ് ഉമിനീർ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ലഭിച്ചത്.

മെഡിക്കൽ രംഗത്തോ മറ്റ് മേഖലകളിലോ  കോവിഡ് ടെസ്റ്റുകൾ നിരന്തരമായി ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഈ പഠനത്തിന് പ്രസക്തിയേറുകയാണ്. ഉമിനീർ പരിശോധനയ്ക്ക് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന്റെ ആവശ്യമില്ലാത്തതിനാൽ, സജ്ജമാക്കുന്ന ഏതു സ്ഥലത്തുവേണമെങ്കിലും ടെസ്റ്റിനുള്ള ക്രമീകരണങ്ങൾ ചെയ്യാം. മാത്രമല്ല ടെസ്റ്റ് സെന്റർ ജീവനക്കാർക്ക് അണുബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ടെസ്റ്റിന് വിധേയരാകുന്നവർക്ക് മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന അസ്വസ്ഥയും ഒഴിവാകുന്നു.

Kerala Globe News


Share this